തോറ്റവരെയും കാത്ത് മായാദേവിയുണ്ട്; ആരെയും ചിരിപ്പിക്കുന്ന മായാജാലവുമായി
text_fieldsതിരുവനന്തപുരം: 'കോമാളി കരഞ്ഞാല്‍ ആളുകള്‍ ചിരിക്കും. ചിരിപ്പിക്കാന്‍ വേണ്ടി കരഞ്ഞോ. അല്ലാതെ കരയരുത്. കോമാളിയുടെ കണ്ണീര് മനസിലിരുന്നാല്‍ മതി. ചിരിക്കണം… ചിരിപ്പിക്കണം… നെഞ്ചിന് തീ പിടിച്ചാലും ചിരിക്കണം…' -ജോക്കർ എന്ന സിനിമയിൽ ബഹാദൂറിന്‍റെ കഥാപാത്രം പറയുന്ന വാക്കുകളാണ്. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലും ചിരിവിടർത്താൻ ഒരു കോമാളിയുണ്ട്. വിജയികൾ മാത്രം ചിരിച്ചാൽ പോരാ, വിജയിക്കാൻ കഴിയാതിരുന്നവരും ചിരിക്കണമെന്ന ഒരമ്മയുടെ ആഗ്രഹമാണ് കലോത്സവ വേദികളിൽ ചിരിപടർത്തുന്ന ജോക്കർ വേഷം.
തൃശൂർ ഗുരുവായൂർ സ്വദേശിനി മായാദേവിയാണ് കലോത്സവനഗരിയിൽ കോമാളിവേഷത്തിലെത്തി ചിരിവിടർത്തുന്നത്. ലോട്ടറിത്തൊഴിലാളിയാണ് മായാദേവി. ഓണത്തിന് മാവേലിയായും ക്രിസ്മസിന് പാപ്പയായും മായാദേവി വേഷമിടാറുണ്ട്. എന്നാൽ, ഇത്തവണ കലോത്സവത്തിൽ കുട്ടികളുടെ പ്രിയ കഥാപാത്രമായ ജോക്കറായാണ് എത്തിയത്. തന്നെ കാണുമ്പോൾ എല്ലാവരും സന്തോഷിക്കണമെന്ന ആഗ്രഹത്തിന്‍റെ പുറത്താണ് ഇങ്ങനെയൊരു വേഷമണിഞ്ഞ് കലോത്സവത്തിനെത്തിയതെന്ന് മായാദേവി പറയുന്നു.
മത്സരഫലം പ്രഖ്യാപിക്കുമ്പോൾ സദസ്സിൽ വിജയിച്ച ടീമുകളുടെ ആർപ്പുവിളികളുയരും. മായാദേവി അപ്പോൾ നേരെ മറുവശത്തേക്ക് പോകും. മുന്നിലെത്താനാവാതെ നിരാശരായ കുട്ടികൾക്കിടയിലേക്കിറങ്ങും ജോക്കർ. അതോടെ അവരുടെ മുഖത്തും സന്തോഷം വിടരുകയായി. 'എല്ലാവരിലും ഒരു പോസിറ്റീവ് വൈബ് ഉണ്ടാക്കുകയാണ് ലക്ഷ്യം. കലോത്സവത്തിൽ വിജയികൾക്ക് മാത്രമാണ് സന്തോഷം. എന്നാൽ, ജയിക്കാൻ കഴിയാതിരുന്ന കുട്ടികൾക്കും സന്തോഷം വേണ്ടേ. കലോത്സവത്തിൽ മാനസിക പിരിമുറുക്കമനുഭവിക്കുന്ന നിരവധി പേരുണ്ട്. കുട്ടികളും പരിശീലകരും സംഘാടകരുമെല്ലാം. അവരെയെല്ലാം എന്നാലാവുംവിധം സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം' -മായാദേവി പറയുന്നു.
തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മകളുണ്ട് മായാദേവിക്ക്. മംഗലംകളിയിൽ ജില്ല തലത്തിൽ മകൾ മത്സരിച്ചെങ്കിലും സംസ്ഥാന കലോത്സവത്തിന് എത്താനായില്ല. മായാദേവിക്കും സ്കൂൾ പഠനകാലത്തെ കലോത്സവത്തിന്‍റെ അനുഭവമുണ്ട്. അന്ന് സ്കൂളിൽ പഠിക്കുമ്പോൾ ഓട്ടന്തുള്ളലായിരുന്നു മായാദേവി അവതരിപ്പിച്ചത്. പഠിച്ച് ചെയ്തതൊന്നുമായിരുന്നില്ല. ഒരു താൽപര്യത്തിന് പുറത്ത് വേദിയിൽ കയറുകയായിരുന്നു. എന്നാൽ, അത് പിന്നെ തുടരാനായില്ല.
തൃശൂരിൽ നിന്ന് ട്രെയിൻ കയറിയാണ് തിരുവനന്തപുരത്തെത്തിയത്. ജോക്കർ വേഷത്തിലാണ് റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയത്. അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരെല്ലാം മായാദേവിയെ കണ്ട് ചിരിച്ചു. വരുംവഴി കണ്ടവരെല്ലാം ചിരിച്ചു. കലോത്സവവേദിയിലും കാണുന്നവരെല്ലാം ചിരിക്കും. അത് കണ്ട് മായാദേവിയുടെ ഹൃദയം നിറയും.
കലോത്സവ വിഡിയോകൾക്കായി https://youtube.com/playlist?list=PLVawm-dqDQEXCvnKVhFjaDxh1KH7GohOW&si=33XFf2wFqpiLVJSp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.