മാലോത്ത് കസബയ്ക്ക് കലോത്സവ പരിശീലനം തന്നെ ഒരു 'ടാസ്ക്' ആണ്
text_fieldsതിരുവനന്തപുരം: കോട്ടച്ചേരി മലനിരകളിലൂടെ നാല് കിലോമീറ്റര്‍ നടത്തം. കൊന്നക്കാട് എത്തി അവിടെ നിന്ന് ഒമ്പത് കിലോമീറ്റര്‍ ബസില്‍. കാസർകോട് മാലോത്ത് കസബ ജി.എച്ച്.എസ്.എസിലെ മംഗലംകളി സംഘത്തിന് പറയാനുള്ളത് പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി അവര്‍ നേരിടേണ്ട പ്രശ്നങ്ങളാണ്.
ആദിവാസി വിഭാഗത്തിലെ മാവില, മലവേട്ടുവ വിഭാഗത്തിലെ നിരവധി കുട്ടികളാണ് ഈ സ്കൂളിലുള്ളത്. വിവിധ ഊരുകളില്‍ നിന്നും വരുന്ന കുട്ടികളായതിനാല്‍ ഇവര്‍ കാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നാണ് വാഹനസൗകര്യമുള്ള സ്ഥലത്ത് എത്തുന്നത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഗോത്രസാരഥി പദ്ധതി ഹൈസ്കൂള്‍ വരെയുള്ള കുട്ടികള്‍ക്കായി പരിമിതപ്പെടുത്തിയതിനാല്‍ എച്ച്.എസ്.എസ് വിദ്യാർഥികള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.
അധ്യാപകരും സ്കൂള്‍ രക്ഷാകര്‍തൃസമിതിയും സ്വരൂപിച്ച തുക ഉപയോഗിച്ചായിരുന്നു പരിശീലനവും തിരുവനന്തപുരത്തേക്കുള്ള യാത്രയുമൊക്കെ. സ്ക്കൂള്‍ അധ്യയനസമയത്ത് തന്നെ പരിശീലനം നടത്തി നടന്ന് പോകേണ്ടതിനാല്‍ നേരത്തെ ഇവരെ വീട്ടിലേക്ക് അയക്കും.
മാലോത്ത് സ്കൂളിലെ മംഗലംകളി ടീമിൽ രണ്ട് കുട്ടികള്‍ മാവില വിഭാഗത്തിലെയും പത്ത് കുട്ടികള്‍ മലവേട്ടുവ വിഭാഗത്തിലെയുമാണ്. സംസ്ഥാനത്തിന്റെ വടക്ക് കിഴക്ക് അതിര്‍ത്തിയിലെ അവസാന സര്‍ക്കാര്‍ സ്കൂളാണിത്. ഇവിടെ നിന്നും കോട്ടച്ചേരി വനമേഖല താണ്ടിയാല്‍ കര്‍ണ്ണാടകയാണ്. തുളു ഭാഷയിലുള്ള മാവില വിഭാഗത്തിന്റെയും ഗോത്രഭാഷയിലുള്ള മലവേട്ടുവ വിഭാഗത്തിന്റെയും മംഗലംകളികള്‍ കോര്‍ത്തിണക്കിയാണ് വേദിയില്‍ മത്സരിക്കേണ്ടത്. വിവാഹത്തലേന്ന് വീടുകളില്‍ അവതരിപ്പിക്കുന്ന ഗോത്രകലയാണ് മംഗലംകളി അഥവ മങ്ങലംകളി. കോട്ടമല ഊരിലെ നിതിനായിരുന്നു ടീമിന്റെ പരിശീലകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.