താളം മുറിഞ്ഞു, വേദനയായി...
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് അനന്തപുരിയിൽ അരങ്ങുണരുമ്പോൾ രണ്ട് മിടുക്കികളെ ഓർക്കാതിരിക്കുക വയ്യ. കാസർകോഡ്, പാലക്കാട് ജില്ലകളിലുണ്ടായ അപകടങ്ങളിലാണ് ഇവർ പൊലിഞ്ഞുപോയത്. ഡിസംബർ 12ന് മണ്ണാർക്കാട് പനയമ്പാടത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ നാല് എട്ടാംക്ലാസ് വിദ്യാർഥിനികൾ മരിച്ചിരുന്നു. ഇവരിൽ ആയിഷ (13) ഒപ്പന മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
രണ്ടാം ക്ലാസ് മുതൽ നവംബറിൽ ശ്രീകൃഷ്ണപുരത്ത് നടന്ന ജില്ലാ കലോത്സവത്തിൽ വരെ ഏത് ഒപ്പന സംഘത്തിലും ആയിഷയായിരുന്നു മണവാട്ടി. അത്തിക്കല്‍ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകളാണ് ആയിഷ.
ഡിസംബർ 30ന് കാഞ്ഞങ്ങാട് പടന്നക്കാട് ഐങ്ങോത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് മരിച്ച സഹോദരങ്ങളിൽ ലഹക്ക് സൈനബ (12) സ്കൂൾ കലോത്സവത്തിൽ ഒപ്പന സംഘത്തിലെ അംഗമായിരുന്നു. നീലേശ്വരം രാജാസ് ഹൈസ്കൂളിനെ പ്രതിനിധീകരിച്ചാണ് ലഹക്കും സംഘവും പങ്കെടുത്തത്. ജില്ല തലത്തിൽ ഇവരുടെ ടീമിനായിരുന്നു ഒന്നാംസ്ഥാനം. യു.പി വിഭാഗമായതിനാൽ സംസ്ഥാന തല മത്സരമില്ലെങ്കിലും വരും വർഷങ്ങളിലേക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹപാഠികളുടെയും പ്രതീക്ഷയായിരുന്നു. കണിച്ചിറ കല്ലായി ലത്തീഫിന്‍റെയും സുഹറയുടെയും മകളാണ് ലഹക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.