പത്ത് തലയോടെ സയിദ് ഷിഫാസ്; നാലാംക്ലാസിലെ കഥകളിഭ്രമം ഒമ്പതാംക്ലാസിൽ കലോത്സവവേദിയിൽ
text_fieldsനാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് കഥകളിമുദ്രകളോട് ഭ്രമമോ? കേട്ടവർക്കെല്ലാം കൗതുകമായിരുന്നു ആദ്യം. എന്നാൽ, അഞ്ച് വർഷങ്ങൾക്കിപ്പുറം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളിയിൽ അരങ്ങിലെത്തുമ്പോൾ സയിദ് ഷിഫാസ് എന്ന ഒമ്പതാംക്ലാസുകാരന് സ്വപ്നം യാഥാർഥ്യമാക്കിയതിന്‍റെ സന്തോഷം മുഖത്ത്.
എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ് സയിദ് ഷിഫാസ്. യൂട്യൂബിൽ കാർട്ടൂൺ കണ്ടുനടക്കേണ്ട പ്രായത്തിൽ, നാലാംക്ലാസിൽ സയിദ് ഷിഫാസ് കണ്ടത് കഥകളിമുദ്രകളും പാട്ടുമാണ്. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിലെ കൂട്ടുകാരുടെ മുന്നിൽ കഥകളി മുദ്രകൾ കാണിച്ചത് അധ്യാപികയുടെ കണ്ണിൽപ്പെടുകയായിരുന്നു. സയിദ് ഷിഫാസിന് കഥകളിയിൽ കമ്പമുള്ള കാര്യം അധ്യാപിക മാതാവ് ഷിംസിയെ അറിയിച്ചതോടെയാണ് പഠനത്തിന് തുടക്കമായത്.
ഫോർട്ട് കൊച്ചി കഥകളി സെന്‍ററിൽ വിജയൻ വാര്യരുടെ ശിക്ഷ്യണത്തിലായിരുന്നു കഥകളി പരിശീലനം. ആശങ്കകളുണ്ടായിരുന്നു ആദ്യം. കഥകളിപോലെ ക്ഷേത്രകല എല്ലാവർക്കും ചെയ്യാവുന്നതാണോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഷിഫാസിന്‍റെ ആഗ്രഹത്തിന് മുന്നിൽ ആശങ്കയെല്ലാം വഴിമാറി. പിതാവും ബിസിനസുകാരനുമായ ഫറാസ് ഇസ്മായിൽ പൂർണപിന്തുണയേകി.
പഠനംതുടങ്ങി അഞ്ച് വർഷം പിന്നിടുമ്പോഴാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. രാവണന്‍റെ വേഷമാണ് സയിദ് ഷിഫാസ് വേദിയിലവതരിപ്പിച്ചത്. പത്ത് തലയുള്ള രാക്ഷസരാജാവായ രാവണനെ ഷിഫാസ് മനോഹരമായി അവതരിപ്പിച്ചു. അന്ന് നാലാംക്ലാസിലെ കൂട്ടുകാരുടെ കണ്ണിൽ തെളിഞ്ഞ വിസ്മയം ഇന്ന് കാണികളുടെ മുഖത്ത് വിടർത്താൻ സയിദ് ഷിഫാസിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.