Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലം മാപ്പു ചോദിച്ചു,...

കാലം മാപ്പു ചോദിച്ചു, കല തലയുയർത്തി

text_fields
bookmark_border
bk
cancel
camera_alt

സ്കൂൾ കലോത്സവത്തിലെ പളിയ നൃത്തം മത്സരത്തിൽ നിന്ന് (ഫോട്ടോ: ബൈജു കൊടുവള്ളി)

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനമാകുമ്പോൾ കുറിക്കപ്പെടുന്നത് പുതിയൊരു ചരിത്രമാണ്. കലോത്സവത്തിന്‍റെ ആറ് പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ ആദ്യമായി ആദിവാസി, ഗോത്രകലകൾ മത്സരയിനമായി വേദികളിൽ നിറഞ്ഞാടിയ കൗമാരോത്സവമായി ഇത്തവണത്തേത്. ഇരുള നൃത്തം, പണിയ നൃത്തം, പളിയ നൃത്തം, മംഗലംകളി, മലപ്പുലയ ആട്ടം എന്നീ അഞ്ച് ഇനങ്ങളാണ് ഇത്തവണ വേദിയിലേറിയത്. ഇത്രയും കാലം മാറ്റിനിർത്തിയതിന് കാലം കലയോട് മാപ്പ് ചോദിക്കുകയായിരുന്നു.

ഗോത്രവിഭാഗങ്ങളുടെ കലാരൂപങ്ങളെ സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തണമെന്ന് വർഷങ്ങളായി ആവശ്യമുയർന്നിരുന്നു. മറ്റ് കലാരൂപങ്ങൾക്ക് കലോത്സവങ്ങളിലൂടെ വലിയ ജനപ്രീതിയും സ്വീകാര്യതയും ലഭിച്ചപ്പോൾ ഗോത്രകലകൾ വേദികൾക്ക് അന്യമായി നിന്നു. അത് ഒരു സാംസ്കാരികമായ മാറ്റിനിർത്തലായിക്കൂടി വിലയിരുത്തപ്പെട്ടു. പൊതുസമൂഹത്തിന് മുന്നിലും ഗോത്രകലകൾക്ക് വേണ്ടത്ര ദൃശ്യത കിട്ടാതെയായി. സംസ്കൃതോത്സവവും അറബി സാഹിത്യോത്സവവും കലോത്സവത്തിന്‍റെ ഭാഗമായുണ്ട്. തമിഴ്, കന്നട, തുളു തുടങ്ങിയ ഭാഷാ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്ന മത്സരങ്ങൾ വരെ കലോത്സവങ്ങളിൽ ഉൾപ്പെട്ടിട്ടും ഗോത്രകലകൾ പരിഗണിക്കപ്പെട്ടിരുന്നില്ല.

ഇരുള നൃത്തം മത്സരത്തിൽ നിന്ന് (ഫോട്ടോ: ബൈജു കൊടുവള്ളി)

ഗോത്രകലകളെ കലോത്സവത്തിന്‍റെ ഭാഗമാക്കുമെന്ന് 2015ലാണ് സർക്കാർ പ്രഖ്യാപിക്കുന്നത്. എന്നാൽ തീരുമാനമെടുക്കാനും നടപ്പാക്കാനും വർഷങ്ങൾ വേണ്ടിവന്നു. കിർത്താഡ്സ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ച് ഗോത്രകലകളെ ഉൾപ്പെടുത്തിക്കൊണ്ട് കലോത്സവ മാന്വൽ പരിഷ്കരിക്കാൻ കഴിഞ്ഞ വർഷം സർക്കാർ തീരുമാനമെടുത്തത്. കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനത്തിൽ മംഗലംകളി പ്രദർശനമായി നടത്തിയിരുന്നു. ആ വേദിയിലാണ് 63ാമത് സ്കൂൾ കലോത്സവത്തിൽ ഗോത്രകലകൾ അരങ്ങിലെത്തുമെന്ന പ്രഖ്യാപനമുണ്ടായത്.

ഇത്തവണ നിശാഗന്ധി ഓഡിറ്റോറിയത്തിൽ കബനി നദി എന്ന് പേരിട്ട 15ാം വേദിയിലാണ് ഗോത്രകലകൾ ഭൂരിഭാഗവും അരങ്ങേറിയത്. ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മത്സരമുണ്ടായിരുന്നു. കലോത്സവത്തിന്റെ ആദ്യ ദിനം മംഗലംകളിയും രണ്ടാംദിനം പണിയെ നൃത്തവും മൂന്നാംദിനം മലപുലയ ആട്ടവുമാണ് അരങ്ങേറിയത്. നാലാംദിനം ഇരുളനൃത്തവും പളിയനൃത്തവും വേദിയിലെത്തി.

മലപുലയ ആട്ടം മത്സരത്തിൽ പങ്കെടുത്തവർ (ഫോട്ടോ: നിഷാദ് ടി. ഉമർ)

ഗോത്രകലകൾ കലോത്സവവേദിയിലെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് വയനാട്ടിൽ നിന്നുള്ള പണിയ വിഭാഗത്തിലെ പരിശീലകയും ട്രാൻസ് വുമണുമായ എൻ.വി. പ്രകൃതി പറയുന്നു. 'ഒരുപാട് കാലത്തെ പഴക്കമുള്ളവയാണ് ഗോത്രകലകൾ. അവയെ പൊതുജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാൻ കലോത്സവങ്ങൾക്ക് സാധിക്കുമെന്നതിൽ ഏറെ സന്തോഷം' -പ്രകൃതി പറഞ്ഞു. എറണാകുളത്തുനിന്നുള്ള ടീമിന്‍റെ പരിശീലകയാണ് പ്രകൃതി. അതേസമയം, കലോത്സവ നിബന്ധനകൾക്ക് അനുസൃതമായി ചില മാറ്റങ്ങൾ വരുത്തിയാണ് പണിയ നൃത്തം ഉൾപ്പെടെയുള്ളവ സ്റ്റേജിൽ അവതരിപ്പിക്കുന്നത്.

ഗോത്രകലകൾ പുതിയൊരു അനുഭവമാണെന്ന് പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.എച്ച്.എസ് വിദ്യാർഥിയും പണിയനൃത്തം മത്സരാർഥിയുമായ ഗാഥ വിവേക് പറയുന്നു. വയനാട് നിന്നെത്തിയ പരിശീലകരാണ് ഇവരുടെ ടീമിനെ പണിയനൃത്തം പഠിപ്പിച്ചത്. പരിചിതമല്ലാത്ത കലാരൂപമായതിനാൽ നൃത്തം പഠിച്ചെടുക്കാൻ ആദ്യം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ആസ്വദിച്ച് പഠിക്കാനും നന്നായി അവതരിപ്പിക്കാനുമായി. കിടങ്ങന്നൂർ സ്കൂൾ ടീമിന് മത്സരത്തിൽ എ ഗ്രേഡ് നേടാനും സാധിച്ചു.

പളിയ നൃത്തം (ഫോട്ടോ: ബൈജു കൊടുവള്ളി)

മംഗലംകളി

മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു സംഗീത- നൃത്തരൂപമാണ് മംഗലംകളി (മങ്ങലംകളി). വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. മലവേട്ടുവരും മാവിലരും പാടുന്ന പാട്ടുകളിൽ വ്യത്യാസം ഉണ്ടെങ്കിലും അവതരണത്തിൽ മൗലികമായ വ്യത്യാസം കാണാനില്ല. സ്ത്രീപുരുഷന്മാർ പാട്ടിന്റേയും തുടിയുടേയും താളത്തിനൊത്ത് നൃത്തം വെയ്ക്കുന്ന മംഗലംകളിയുടെ വാദ്യസംഘത്തിൽ പൊതുവേ തുടിയാണ് ഉപയോഗിക്കുന്നത്. പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയാണ് തുടിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോലാണ് ഇതിനുപയോഗിക്കുന്നത്. തുടിയുടെ ശബ്ദം ക്രമീകരിക്കാനുള്ള പ്രത്യേക സംവിധാനം ചെണ്ടയിലെന്ന പോലെ തുടിയിലുമുണ്ട്. ചെറുതും വലുതുമായ തുടികളുടെ ശബ്ദത്തിൽ വ്യത്യാസമുണ്ടാകും. മംഗലംകളിയിൽ ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്.

പണിയനൃത്തം

വയനാട്‌ ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത്‌ കലാരൂപമാണ് പണിയ നൃത്തം. ഇത് വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു. വൃത്താകൃതിയിൽ നിന്നുകൊണ്ട്‌ ചുവടുവയ്ക്കുന്നതിനാലാണ്‌ വട്ടക്കളിക്ക്‌ ആ പേര്‌ വന്നത്‌. വിശേഷാവസരങ്ങളിലും ഒഴിവുസമയങ്ങളിലും പണിയക്കുടിലുകളിൽ വട്ടക്കളി അവതരിപ്പിക്കാറുണ്ട്‌. മൂന്നു പുരുഷൻമാർ ചേർന്ന്‌ കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ചുവടു വെക്കുന്നതാണ്‌ ഇതിന്റെ രീതി. ചീനി ഈത്തിൽ വിദഗ്ധനായ മറ്റൊരാളും ഉണ്ടായിരിക്കും. മരണാനന്തര ചടങ്ങുകളിൽ ഒഴികെ മറ്റവസരങ്ങളിൽ സ്ത്രീകളാണ്‌ വട്ടക്കളി കളിക്കാറുള്ളത്‌. കളിയുടെ സമയത്ത്‌ സ്ത്രീകൾ നിരവധി പാട്ടുകൾ പാടാറുണ്ട്‌. കുഴലൂത്തുകാരനെയോ തുടികൊട്ടുന്നയാളെയോ അല്ലെങ്കിൽ കൂടെ കളിക്കുന്ന മറ്റൊരു സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളായിരിക്കും മിക്കവയും.

ഹൈസ്‌കൂൾ വിഭാഗം മംഗലംകളി മത്സരാർഥികൾ (ഫോട്ടോ: അരവിന്ദ് ലെനിൻ)



മലപ്പുലയ ആട്ടം

ഇടുക്കി ജില്ലയിലെ മലപ്പുലയൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്ന ഒരു ഗോത്രകലയാണ് മലപ്പുലയ ആട്ടം. പുരുഷൻമാരും സ്ത്രീകളും ഒരുമിച്ച്‌ ചേർന്നാണ്‌ മലപുലയ ആട്ടം ആടുന്നത്‌. ഇവരുടെ ഉത്സവങ്ങളിൽ മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നൃത്തരൂപം അവതരിപ്പിക്കുന്നത്. ചിക്കുവാദ്യം, ഉറുമി (തുടി പോലുള്ള വാദ്യം), കിടിമുട്ടി, കുഴൽ, കട്ടവാദ്യം എന്നീ ഉപകരണങ്ങൾ പക്കമേളത്തിൽ ഉപയോഗിക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളും പരമ്പരാഗത വേഷമണിഞ്ഞാണ് ആട്ടം നടത്തുന്നത്. കുഴൽ വിളിയോടെയാണ് ആട്ടം തുടങ്ങുന്നത്. വൃത്താകൃതിയിൽ നിന്നു കൈകൊട്ടിയും ശരീരം പ്രത്യേക രീതിയിൽ ചലിപ്പിച്ചുമാണ് നൃത്തം ചെയ്യുന്നത്.

ഇരുളനൃത്തം

പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമാണ് ഇരുള നൃത്തം. ഇത് ഒരു ആഘോഷ നൃത്തം മാത്രമല്ല, സാംസ്കാരിക പ്രാധാന്യവും ഉൾക്കൊള്ളുന്നു. കൃഷിയോടനുബന്ധിച്ചും ജനനം, പ്രായപൂർത്തിയായവർ, വിവാഹം, ആഘോഷങ്ങൾ, മരണം എന്നിവയോടനുബന്ധിച്ചുടെല്ലാം ഈ നൃത്തം ആടുന്നു. പ്രാദേശിക ദേവതയായ മല്ലീശ്വരിയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും ഗോത്ര അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകളിലും ഇത് നടത്തപ്പെടുന്നു. പഴയ ഭക്തി വിഷയങ്ങളിൽ നിന്നാണ് ഗാനങ്ങൾ ഉരുത്തിരിഞ്ഞത്.

പളിയ നൃത്തം

ഇടുക്കി ജില്ലയിലെ പളിയർ വിഭാഗത്തിന്‍റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്. മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തിന് അവതരിപ്പിച്ചിരുന്ന നാടൻ കലയാണിത്. പളിയ വിഭാഗം ആരാധിക്കുന്ന അമ്മദൈവമായ എളാത്ത് പളച്ചി എന്ന ദേവതയെ ആരാധിക്കുന്നതിനായി അവതരിപ്പിക്കുന്ന കലാരൂപമാണ് പളിയ നൃത്തം എന്നും പറയപ്പെടുന്നു. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുള്ളതുമായ പ്രാർഥനാഗീതങ്ങളാണ് പളിയ നൃത്തത്തിൽ ഉപയോഗിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala State School Kalolsavam 2025
News Summary - Kerala State School Kalolsavam 2025 Tribal dance events first time in school fest
Next Story