അതിജീവനമാണ് കല; മണ്ണേറ്റ് മുറിഞ്ഞവരുടെ വേദനയും, പ്രതീക്ഷകളും പറഞ്ഞ് വെള്ളാർമലയിലെ കുട്ടികൾ
text_fieldsതിരുവനന്തപുരം: മണ്ണേറ്റ് മുറിഞ്ഞവരുടെ വേദനകൾ അതിജീവനത്തിന്‍റെ കലാരൂപമായി വേദിയിൽ നിറഞ്ഞു. ഉരുൾദുരന്തം നാടിനെയാകെ തുടച്ചെടുത്തിട്ടും കരഞ്ഞുനിൽക്കാൻ മാത്രമല്ല ജീവിതമെന്ന നിശ്ചദാർഢ്യത്തിന് മുന്നിൽ സദസ്സാകെ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. വയനാട് മേപ്പാടിയിലെ ഉരുൾദുരന്തത്തിൽ തകർന്ന വെള്ളാർമല ജി.വി.എച്ച്.എസിലെ വിദ്യാർഥികളാണ് 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അതിജീവനത്തിന്‍റെ നൃത്തശിൽപ്പവുമായെത്തിയത്. ദുരന്തം വിഴുങ്ങിയ നാടിനെ കൈപിടിച്ചുയർത്താൻ കേരളമൊന്നാകെ കൈകോർത്തതിന്‍റെ ദൃശ്യസാക്ഷ്യമായി ഉദ്ഘാടന ചടങ്ങിലെ നൃത്തശിൽപ്പം.
ജൂലൈ 30ന് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തവും അത് സമ്മാനിച്ച ദീരാത്ത വേദനകളും അതിജീവനവും തന്നെയാണ് നൃത്തശിൽപ്പത്തിന്‍റെയും പ്രമേയം. അതോടൊപ്പം നാടിന്‍റെയും വെള്ളാർമല സ്കൂളിന്‍റെയും ചരിത്രവും സംസ്കാരവും ഒരുമയും സാഹോദര്യവും കടന്നുവരുന്നു. 'ചാരത്തിൽ നിന്ന് ഉയിയർത്തെഴുന്നേൽക്കുക, ചിറകിൻകരുത്താർന്ന് വാനിൽ പറക്കുക' എന്ന് പറഞ്ഞുകൊണ്ടാണ് നൃത്തം പൂർത്തിയാകുന്നത്.
വീണ, സാദിക, അശ്വിനി, അഞ്ചല്‍, റിഷിക, ശിവപ്രിയ, വൈഗാ ഷിബു എന്നീ വിദ്യാർഥികളാണ് വേദിയിൽ അണിനിരന്നത്. പരിപാടിക്ക് ശേഷം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മന്ത്രി ജി.ആർ. അനിലിലും ചേർന്ന് ഇവർക്ക് ഉപഹാരം നൽകി. ദുരന്തമുണ്ടായ ചൂരല്‍മലയുടെ ചുറ്റുവട്ടത്തുള്ളവരാണ് ഏഴു കുട്ടികളും. ഇതിൽ റിഷികയുടെ വീട് പൂര്‍ണമായും അഞ്ചലിന്റേത് ഭാഗികമായും ഉരുളെടുത്തിരുന്നു.
63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നാണ് പ്രധാനവേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ 'എം.ടി-നിള'യിൽ തുടക്കമായത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്കൂൾ കലോത്സവത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 25 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.