കലയുടെ സൗഹൃദ വിജയഗാഥ; ഒമ്പതാം ക്ലാസുകാരനിലെ നർത്തകനെ കണ്ടെത്തിയത് സുഹൃത്ത്
text_fieldsതിരുവനന്തപുരം: കഴിഞ്ഞവര്‍ഷം ദല്‍ഹിയിലെ റിപ്പബ്ലിക്ദിന പരേഡിന് മുന്നോടിയായി കോഴിക്കോട് നടന്ന കള്‍ച്ചറല്‍ ക്യാമ്പിലായിരുന്നു ആ സൗഹൃദം പൂവിട്ടത്. ക്യാമ്പില്‍ അസാധാരണ മെയ് വഴക്കത്തോടെ നൃത്തച്ചുവടുകൾ വെച്ച ഒരു ഒമ്പതാം ക്ലാസുകാരനെ ഒരുമുതിര്‍ന്ന വിദ്യാർഥി ശ്രദ്ധിച്ചു, ഇരുവരും പരിചയപ്പെട്ടു. അപ്പോഴാണ് അറിയുന്നത് ഒരു ശാസ്ത്രീയ പഠനവും നടത്താതെ ആണത്രെ, അവന് അത്രയും മനോഹരമായി നൃത്തം ചവിട്ടിയത്. കലാമണ്ഡലത്തിൽ നൃത്തപഠനം നടത്തുന്ന മുതിര്‍ന്ന വിദ്യാര്‍ഥി ചോദിച്ചു, ‘നിനക്ക് ഞാന്‍ നൃത്തം അഭ്യസിപ്പിച്ചു തരട്ടെ?, നിശ്ചയമായും നിനക്ക് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനാകും'.
ദൂരവും സാഹചര്യങ്ങളും ഒന്നും സൗഹൃദത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തടസ്സമാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആ സമാഗമം. കൃത്യം ഒരു വര്‍ഷമെത്തുമ്പോള്‍ കണ്ണൂര്‍ തലശ്ശേരി ബി.ഇ.എം ഹൈസ്കൂളില്‍ പത്താംക്ലാസ് വിദ്യാർഥിയായ ശിവകല്യാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ എ ഗ്രേഡോടെ മിന്നും വിജയം നേടിയപ്പോൾ ഓണ്‍ലൈനായി നൃത്തം അഭ്യസിപ്പിച്ച കലാമണ്ഡലത്തിലെ ബി.എഡ് വിദ്യാര്‍ഥിയായ ദിയാദാസിന് ഇത് ചാരിതാർഥ്യത്തിന്റെ അപൂര്‍വനിമിഷം. ഇവരുടെ കണ്ടുമുട്ടലിനുശേഷം കോഴിക്കോട് പൂക്കാട് സ്വദേശിയായ ദിയക്ക് താമസിയാതെ തുടര്പഠനാഥം കോതമംഗലം ഇന്ദിരാഗാന്ധി ട്രെയിനിങ് കോളജിലേക്ക് മാറേണ്ടി വന്നു. ദൂരവും പരിമിതമായ സമയവുമൊന്നും അവരുടെ നിശ്ചയദാര്‍ഢ്യത്തെ തെല്ലും ബാധിച്ചില്ല. ദിയ ഓണ്‍ലൈനായി ശിവക്ക് ക്ലാസുകള്‍ എടുത്തു.
അവധിദിനത്തില്‍ വീട്ടിലും അല്ലാത്തപ്പോള്‍ ഓണ്ലൈനിലുമായിട്ടായിരുന്നു പഠനം. കുച്ചിപ്പുടിയില്‍ ഡിപ്ലോമയെടുത്ത ദിയയുടെ ഇഷ്ട ഇനത്തില്‍ ജില്ലതലം വരെ വിജയിച്ചിരുന്നു. എന്നാല്‍ മത്സരത്തിനിടെ വസ്ത്രം അഴിഞ്ഞുപോയതിനാല് സംസ്ഥാന യോഗ്യത നേടാനായില്ല. അതിലുള്ള വിഷമം ഇപ്പോള്‍ ഒരുപരിധിവരെ പരിഹരിക്കപ്പെട്ടു. നാടോടിനൃത്തത്തില്‍ അഷ്ടമുടിക്കായല്‍ കഥയിലാണ് ശിവ നിറഞ്ഞാടിയത്. കാസര്‍കോട് ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ ശശിധരന്റെയും രേശ്മയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.