'ഇത് അതിജീവനത്തിന്റെ കഥ'; മിമിക്രിയിൽ മിന്നിയ മയൂഖിന് അനുകരണമല്ല ജീവിതം
text_fieldsതിരുവനന്തപുരം: ശബ്ദാനുകരണ വേദിയിൽ വിസ്മയമായ വയനാടിന്റെ മയൂഖനാഥിന്റെ വിജയത്തിന് പിന്നിൽ അതിജീവനത്തിന്റെ നൊമ്പരകഥയുണ്ട്. തിരുനെല്ലി ടെക്നിക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ മയൂഖ് രണ്ട് വർഷമായി സ്കൂൾ വിട്ടു വന്നാൽ പോവുന്നത് സുൽത്താൻ ബത്തേരിയിലെ ഒരു കടയിലേക്കാണ്. നാല് മണിക്കൂറോളം അവിടെ ജോലിയെടുത്ത് രാത്രി പത്തിനാണ് വീട്ടിലെത്തുക.
യു.പി ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് കഴിയുന്നത്. ഇതിനിടെ ഏഴ് മാസം മുമ്പ് അച്ഛന് പക്ഷാഘാതം വന്ന് കോമ സ്റ്റേജിലായി. അഞ്ച് മാസമായി വാടക പോലും നൽകാൻ പറ്റാത്ത സാഹചര്യമാണ് കുടുംബത്തിനുള്ളത്. ഇതിനെല്ലാം ഇടയിലാണ് മയൂഖിന്റെ പഠനവും മിമിക്രി പരിശീലനവുമെല്ലാം.
അമ്മ ആർട്ടിസ്റ്റായിരുന്നുവെങ്കിലും കുറച്ചുകാലമായി ആരോഗ്യ പ്രശ്നങ്ങളാൽ ജോലിക്ക് പോകുന്നില്ല. പ്രയാസ ജീവിത മുന്നോട്ട് കൊണ്ടുപോവുന്നതിനിടയിലും സംസ്ഥാനതലത്തിൽ മിമിക്രിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് മയൂഖനാഥ്. കെ.എസ്.ആർ.ടി.സി ബസ്, ലോറി, ജെ.സി.ബി, പടക്കങ്ങൾ തുടങ്ങി വൈവിധ്യമായ ശബ്ദങ്ങളെടുത്താണ് മയൂഖനാഥ് സദസിനെ രസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.