കലോത്സവ വേദിയിൽ എം.ടിക്ക് ആദരം; പ്രധാന വേദിക്ക് ‘എം.ടി -നിള’ എന്ന് പുനർനാമകരണം
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ മുഖ്യവേദിക്ക് എം.ടി -നിള എന്ന് പുനർനാമകരണം നടത്തി മലയാളത്തിന്റെ മഹാ എഴുത്തുകാരന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരം. മുഖ്യവേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിന് ആദ്യം ഭാരതപ്പുഴ എന്നായിരുന്നു പേരിട്ടിരുന്നത്. എം.ടി. വാസുദേവൻ നായരുടെ വേർപാടിന്‍റെ പശ്ചാത്തലത്തിൽ ഭാരതപ്പുഴയുടെ മറ്റൊരു പേരായ നിളയോട് ചേർത്ത് ഒന്നാം വേദിക്ക് എം.ടിയുടെ പേരിടാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിക്കുകയായിരുന്നു. എഴുത്തിലും അനുഭവത്തിലും എം.ടിയും നിളയും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് എം.ടി -നിള എന്ന പേരിടാൻ തീരുമാനിച്ചത്. നേരത്തെ 25 കലോത്സവ വേദികൾക്കും നദികളുടെ പേരിടാൻ തീരുമാനിച്ചിരുന്നു. ‘അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്‍റെ നിളാനദിയാണെനിക്കിഷ്ടം’ എന്ന എം.ടിയുടെ പ്രശസ്തമായ ഉദ്ധരണിയും മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആലേഖനം ചെയ്യുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.
കലോത്സവ വേദികൾ ആറിന് വനിതാ നിയന്ത്രണത്തിൽ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ വേദികൾ ഒരുദിവസം പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ. ജനുവരി ആറിനാണ് 25 വേദികളും പൂർണമായും അധ്യാപികമാർ നിയന്ത്രിക്കുക. ഈ ദിവസം സ്റ്റേജ് നിയന്ത്രിക്കുന്നവരെല്ലാം പച്ച സാരിയോ ചുരിദാറോ ധരിച്ചെത്തും. കലോത്സവത്തിന്‍റെ പ്രോഗ്രാം കമ്മിറ്റി യോഗത്തിലാണ് ധാരണയായത്. സ്റ്റേജ് മാനേജർ, അസിസ്റ്റന്‍റ് സ്റ്റേജ് മാനേജർ, അനൗൺസർ, ടൈം കീപ്പർ, ടാബുലേറ്റർ, കോഡ് കോഓഡിനേറ്റർ, സ്റ്റേജ് കോഓഡിനേറ്റർ, ഐ.ടി സപ്പോർട്ടർ എന്നിവരാണ് വേദികളിൽ ചുമതലയിലുണ്ടാവുക. ആറിന് ഈ ചുമതലയിലുള്ളവരെല്ലാം വനിതകളായിരിക്കും.
സ്വർണക്കപ്പ് പ്രയാണം തുടങ്ങി
കാഞ്ഞങ്ങാട്: കേരള സ്കൂൾ കലോത്സവം സ്വർണക്കപ്പ് പ്രയാണം കാഞ്ഞങ്ങാട്ടുനിന്ന് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് സംസ്ഥാന സ്കൂൾ കലോത്സവ സ്വർണക്കപ്പ് പ്രയാണത്തിന് തുടക്കമായത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.
248 അപ്പീലുകൾ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജില്ലകളിൽനിന്ന് അനുവദിച്ചത് 248 അപ്പീലുകൾ. കൂടുതൽ അപ്പീലുകൾ അനുവദിച്ചത് കോഴിക്കോട് ജില്ലയിൽ നിന്നാണ്; 44 എണ്ണം. തിരുവനന്തപുരത്ത് 33 അപ്പീലുകളും അനുവദിച്ചിട്ടുണ്ട്. ജില്ല തല മത്സരഫലം സംബന്ധിച്ച് ഡി.ഡി.ഇ തലത്തിൽ അനുവദിച്ച അപ്പീലുകളാണിവ. ഇതിന് പുറമെ വിവിധ കോടതികൾ, കമീഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉത്തരവുകളുമായും വിദ്യാർഥികൾ മത്സരിക്കാനെത്തുന്നതോടെ ഓരോ ഇനങ്ങളിലും മത്സരാർഥികൾ വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.