കലോത്സവ സ്വാഗതഗാന ദൃശ്യത്തിലെ ‘തീവ്രവാദി’: കുട്ടികളിൽ വിദ്വേഷം വിതക്കരുതെന്ന് വിമർശനം
text_fieldsകോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്കാരത്തിനെതിരെ വിമർശനം. കലോത്സവത്തിലെ ഏറ്റവും ആകർഷക ഇനങ്ങളിൽ ഒന്നായ സ്വാഗത ഗാനത്തിന്‍റെ ദൃശ്യാവതരണത്തിലാണ് ഇത്തവണ കല്ലുകടി. കവി പി.കെ ഗോപിയുടെ വരികൾക്ക് കെ. സുരേന്ദ്രൻ സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിന് എതിരെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശനം ഉയർന്നിരിക്കുന്നത്.
മത സൗഹാർദവും മാനുഷികതയും ഊന്നിപ്പറയുന്ന ഗാനത്തിൽ കോഴിക്കോടിന്റെ മഹിത പാരമ്പര്യവും ഇഴചേർത്തിട്ടുണ്ട്. എന്നാൽ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരത്തിൽ ഇന്ത്യൻ സുരക്ഷ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിച്ചതിനെതിരെയാണ് രൂക്ഷമായ വിമർശനം ഉയർന്നിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധി കുറിപ്പുകൾ പ്രചരിക്കുന്നുണ്ട്. എഴുത്തുകാരി ഫർസാന അലി ഉത്തരേന്ത്യൻ അനുഭവം വിവരിച്ചുകൊണ്ട്, ഗാനശിൽപത്തെ രൂക്ഷമായി വിമർശിച്ചു. തീവ്രവാദികൾ എന്നാൽ മുസ്ലിംകൾ തന്നെ എന്നത് പൊതുബോധമാക്കി മാറ്റിയിരിക്കെ, കേരളത്തിൽ ഒട്ടുമിക്ക കുട്ടികളും കാണുമെന്നുറപ്പുള്ള ഇടത്ത് ഒരു കലാരൂപം തയാറാക്കുന്നവർ അല്പം ജാഗ്രത കാണിക്കണ്ടേ എന്നും മതസൗഹാർദവും മൈത്രിയും ദേശസ്നേഹവും കാണിക്കാൻ ഇത്തരമൊന്നല്ലാതെ മറ്റൊന്നും കിട്ടില്ലേ എന്നും അവർ ചോദിച്ചു. മതത്തിന്റെ പേരിൽ എങ്ങുനിന്നെന്നില്ലാതെ കുട്ടികളിൽ പരസ്പരവിദ്വേഷം വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇനി സർക്കാർ
സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ അതിന്റെ അളവ് കൂട്ടിക്കൊടുക്കേണ്ടതില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. എന്നാൽ, ദൃശ്യങ്ങൾ മനഃപൂർവം സൃഷ്ടിച്ചതല്ലെന്നും ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ അടക്കം മുന്നിൽ പ്രദർശിപ്പിച്ച ശേഷമാണ് സ്റ്റേജിൽ അവതരിപ്പിച്ചതെന്നും കലോത്സവം സ്വീകരണ കമ്മിറ്റി ഭാരവാഹി ടി. ഭാരതി ടീച്ചർ ‘മാധ്യമം ഓൺലൈനോട് പറഞ്ഞു. അങ്ങനെയൊന്നും ചിന്തിച്ച് ചെയ്തതല്ലെന്നും ക്യാപ്ടൻ വിക്രം കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ ദൃശ്യവിഷ്‍കാരമാണ് ഉദ്ദേശിച്ചതെന്നും ദൃശ്യ സംവിധാനം ഒരുക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടർ കനകദാസ് പ്രതികരിച്ചു. സ്വതന്ത്രമായ ഒരു സംഘടനയാണ് മാതാ എന്നും മുൻവിചാരത്തോടെ ചെയ്തതല്ല ദൃശ്യാവിഷ്‍കാരമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.