സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മീഡിയവണിന് രണ്ട് പുരസ്കാരങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മീഡിയവൺ ചാനലിന് രണ്ട് അവാർഡുകൾ ലഭിച്ചു. കഥേതര വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററിയായി മീഡിയവൺ സംപ്രേഷണം ചെയ്ത 'അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍' എന്ന പരിപാടി തെരഞ്ഞെടുത്തു. സോഫിയ ബിന്ദ് ആണ് സംവിധാനം. മികച്ച അന്വേഷണാത്മക മാധ്യമപ്രവർത്തകനുള്ള പുരസ്കാരം മീഡിയവൺ ചാനലിലെ മുഹമ്മദ് അസ്‌ലം അർഹനായി. ഭൂമി തരംമാറ്റലിന്റെ പേരില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച വാർത്തക്കാണ് അവാർഡ്.
ടെലി ഫിലിം/ ടെലി സീരിയൽ വിഭാഗത്തിൽ മികച്ച നടൻ കെ. ഇഷാക് (പിറ, ദൃശ്യ എന്‍റർടെയിൻമെന്‍റ്) ആണ്. കാതറിൻ (അന്ന കരീന, ഫ്ലവേഴ്സ് ചാനൽ) മികച്ച നടിയുമായി. മണികണ്ഠൻ പട്ടാമ്പി മികച്ച രണ്ടാമത്തെ നടനും ജോളി ചിറയത്ത് മികച്ച രണ്ടാമത്തെ നടിയുമായി. ഫാസിൽ റസാഖ് (പിറ, അതിര്) ആണ് മികച്ച സംവിധായകൻ. നന്ദിതദാസ് മികച്ച ബാലതാരമായി. എസ്. മൃദുലാണ് മികച്ച ഛായാഗ്രാഹകൻ. മികച്ച സംഗീതസംവിധായകൻ മുജീബ് മജീദ്.
20 മിനിറ്റിൽ കുറവുള്ള മികച്ച ടെലി ഫിലിം: പിറ. 20 മിനിറ്റിൽ കൂടുതലുള്ള ടെലി ഫിലിം: അതിര്. മികച്ച കഥാകൃത്ത്: ലക്ഷ്മി പുഷ്പ. അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണനക്കെത്തിയ സീരിയലുകള്‍ ഒന്നുംതന്നെ നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം പുലര്‍ത്താത്തതിനാല്‍ ആ വിഭാഗത്തിന് ഇത്തവണ അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചതായി മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ജൂറി ചെയര്‍മാന്മാരായ സിദ്ധാർഥ് ശിവ, ജി. സാജന്‍, ജൂറി അംഗം ഭാഗ്യലക്ഷ്മി, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.