കൊച്ചിയിൽ കപ്പലുകളിലെ ക്രൂചേഞ്ചിന് വിലക്ക്: കോടികളുടെ വരുമാന നഷ്ടത്തിന് ഇടയാക്കുമെന്ന് സ്റ്റീമർ ഏജൻസി അസോ.
text_fieldsകൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ ക്രൂചേഞ്ച് സർവീസ് നടത്തിയ കൊച്ചിൻ തുറമുഖത്ത് കഴിഞ്ഞ ആഴ്ച മുതൽ ഇതിന് വിലക്കേർപ്പെടുത്തിയത് കോടികളുടെ വരുമാന നഷ്ടത്തിന് ഇടയാക്കുമെന്ന് കേരള സ്റ്റീമർ ഏജൻസി അസോസിയേഷൻ. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് മന്ത്രാലയമാണ് ക്രൂചേഞ്ച് സർവീസിന് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി തുടർന്ന് വരുന്ന ചേഞ്ചിങ്ങിന് കഴിഞ്ഞ ആഴ്ചയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2020 മെയ് 15 നാണ് കൊച്ചിൻ തുറമുഖത്ത് ക്രൂ ചേഞ്ച് ആരംഭിച്ചത്. ഈ കാലയളവിൽ 1168 ക്രൂചേഞ്ച് ഓപ്പറേഷൻസാണ് നടത്തിയത്. 18,159 നാവികരാണ് ഇത്തരത്തിലൂടെ ക്രൂ ചേഞ്ച് ചെയ്തത്. 1081 കപ്പലുകൾ, 9620 സൈൻഓൺ, 8839 സൈൻഓഫ് എന്നിവയാണ് ഇക്കാലയളവിൽ നടന്നത്. തറമുഖ ബെർത്തിൽ നടന്ന ക്രൂചേഞ്ച്, മെഡിക്കൽ ഇവാകുവേഷൻ ഒഴികെയുള്ള കണക്കുകളാണിത്.
സമാനമായി വിഴിഞ്ഞം തുറമുഖത്ത് 730 കപ്പലുകളിൽ 4000 ത്തോളം നാവികർ സൈൻഓൺ-ഓഫ്നടത്തിയത്. ഒരു കപ്പലിന്‍റെ ക്രൂ ചേഞ്ചിങ് നടക്കുമ്പോൾ വിവിധയിനം ഫീസുകൾ, വാടക, മറ്റ് സൗകര്യങ്ങളൊരുക്കുന്നതുൾപ്പടെ ഏകദേശം 50 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടക്കുന്നത്. ഇത്തരത്തിൽ 400 കോടിരൂപയുടെ വരുമാനം പോർട്ടിന് മാത്രം ലഭിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. ഇത്രയും നേട്ടങ്ങൾക്കിടയിൽ നിൽക്കുമ്പോഴാണ് ഡയറക്ടർ ജറനൽ ഓഫ് ഷിപ്പിങ് മന്ത്രാലയം ക്രൂ ചേഞ്ചിങ്ങ് അവസാനിപ്പിക്കണമെന്ന ഉത്തരവിറക്കിയിരിക്കുന്നത്.
ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യവുമായി കേരള സ്റ്റീമർ ഏജൻസി അസോസിയേഷൻ രംഗത്തെത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കൊച്ചി തുറമുഖത്തും വിഴിഞ്ഞത്തും സർക്കാറുമായി സഹകരിച്ച് ക്രൂചേഞ്ചിങ്ങ് ആരംഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ സർക്കാറിനും പോർട്ടിനുമൊപ്പം വിവിധ മേഖലകളിൽ സാമ്പത്തിക ഉണർവിന് ക്രൂചേഞ്ച് പദ്ധതി ഗുണമായിരുന്നു. വാണിജ്യ വ്യവസായരംഗത്തിനു ക്രൂചേഞ്ച് സർവിസിലൂടെ ഗുണകരമായ മാറ്റം ഉണ്ടാക്കാനായിരുന്നു.
ഈ സാഹചര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് മന്ത്രാലയം പുതിയ ഉത്തരവിറക്കിയത് മേഖലക്കുണ്ടായ ഉണർവിന് തിരിച്ചടിയാകും. ഇത് തുറമുഖങ്ങളുടെ വരുമാനത്തെയും അനുബന്ധ മേഖലകളെയും സാരമായി ബാധിക്കും. കൊച്ചിയിലും വിഴിഞ്ഞത്തും നാവികരുടെ കപ്പൽ തൊഴിലാളികളുടെ സൈൻ ഓൺ - സൈൻ ഓഫ് ചെയ്യാനുള്ള അവസരം നഷേധിക്കപ്പെടുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നു. ക്രൂചേഞ്ച് ഓപ്പറേഷൻസ് തുടരാൻ കേന്ദ്ര- കേരളാ സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രസിഡൻറ് എം. കൃഷ്ണകുമാർ, വൈസ് പ്രസിഡന്‍റ് കെ.എസ് ബിനു, മാനേജിങ്ങ് കമ്മിറ്റി മെമ്പേഴ്സായ പ്രകാശ് അയ്യർ, പി.ജി വിജേഷ്, ശശി കർത്താ, സജിത്ത് കുമാർ, സന്തോഷ് കുമാർ, വർഗീസ് കെ ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.