കേരള കെട്ടുകഥ
text_fieldsന്യൂഡൽഹി: ‘കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയം തകര്‍ക്കുന്നതും അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതുമായ കഥകൾ’ എന്ന മുഖ്യമായ വ്യാജ പ്രചാരണം സ്വന്തം നിലക്ക് തിരുത്തിയ ‘ദ കേരള സ്റ്റോറി’ സിനിമയുടെ ചില രംഗങ്ങൾ സെൻസർ ബോർഡ് മുറിച്ചുമാറ്റി.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ കേരളത്തിലെ മുസ്ലിം തീവ്രവാദത്തിനെതിരായ പ്രസ്താവനയുടെ ചുവടുപിടിച്ചുണ്ടാക്കിയ അഭിമുഖമാണ് സെൻസർ ബോർഡ് മുറിച്ചുമാറ്റിയ പ്രധാന രംഗം. ഇതടക്കം 10 തീരുമാനങ്ങളാണ് സെൻസർ ബോർഡ് വിവാദ സിനിമയുടെ പ്രദർശനാനുമതിക്കായി കൈക്കൊണ്ടത്.
1.6 കോടിയിലേറെ പേർ കണ്ട, വിദ്വേഷജനകമായ വ്യാജവാദങ്ങളടങ്ങിയ ടീസറിലാണ് ‘കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് പെൺകുട്ടികളുടെ ശരിയായ കഥ’ എന്ന തിരുത്തൽ ‘ദ കേരള സ്റ്റോറി’യുടെ അണിയറ പ്രവർത്തകർ വരുത്തിയത്. വിവാദവും പ്രതിഷേധവും കനക്കുന്നതിനിടയിൽ മുൻ കേരള മുഖ്യമന്ത്രിയുടെ തീവ്രവാദത്തെക്കുറിച്ചുള്ള അഭിമുഖരംഗം അടക്കം ചിത്രത്തിന്റെ 10 ഇടങ്ങളിൽ കത്രികവെച്ച് വിവാദചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റോടെ സെൻസർ ബോർഡ് പ്രദര്‍ശനാനുമതിയും നൽകി. തെളിവില്ലാതെ തങ്ങൾ ഒന്നും പറഞ്ഞിട്ടില്ലെന്ന് സംവിധായകനും നിര്‍മാതാവുമെല്ലാം ആവർത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് ടീസറിൽ കേരളത്തിൽനിന്ന് മതംമാറ്റി ഐ.എസിലേക്ക് കൊണ്ടുപോയെന്ന് പറയുന്ന സ്ത്രീകളുടെ എണ്ണം 32,000ത്തിൽനിന്ന് മൂന്നാക്കിയത്. സിനിമക്ക് പിന്നിലുള്ളവരുടെ അവകാശവാദം കള്ളമാണെന്ന് തെളിയിക്കുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവരുകയും കേരളത്തിൽ ഭരണ-പ്രതിപക്ഷമൊന്നടങ്കം സിനിമക്കെതിരെ രംഗത്തുവരുകയും ചെയ്തതിനിടയിലാണ് സിനിമ ശ്രദ്ധിക്കപ്പെടാൻ ഉപയോഗിച്ച വ്യാജ പ്രചാരണം ഉപേക്ഷിച്ചത്.
റിലീസിങ്ങിന് ഹൈകോടതി സ്റ്റേയില്ല; ഹരജി വീണ്ടും പരിഗണിക്കും
സെൻസർ ബോർഡ് നടപ്പാക്കിയ 10 തീരുമാനങ്ങൾ
1 ‘അവർക്ക് (മുസ്ലിം തീവ്രവാദികൾക്ക്) പാകിസ്താൻ വഴി അമേരിക്ക സാമ്പത്തിക സഹായം നൽകുന്നു’ എന്ന സംഭാഷണം ഒഴിവാക്കി
2‘കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പൂജാകർമങ്ങൾ ചെയ്യുന്നില്ല’ എന്ന സംഭാഷണം ഒഴിവാക്കി
3 വികാരം വ്രണപ്പെടാതിരിക്കാൻ ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും അനുചിത പരാമർശങ്ങളും ഒഴിവാക്കി
4 ‘ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ഏറ്റവും വലിയ ഹിപ്പോക്രാറ്റുകളാണ്’ എന്ന പരാമർശത്തിൽനിന്ന് ‘ഇന്ത്യൻ’ ഒഴിവാക്കി
5 ആലംഗീർ, ഔറംഗസീബ്, ഐസിസ് എന്നിവയെക്കുറിച്ചുള്ള പരാമർശത്തിന് തെളിവ് വാങ്ങി
6 ‘രൻദിയാൻ’ എന്ന വാക്കിന് പകരം ‘ലൈംഗിക അടിമകൾ’ എന്നാക്കി
7 സിനിമക്കൊടുവിലുള്ള മുൻ കേരള മുഖ്യമന്ത്രിയുമായുള്ള അഭിമുഖം അപ്പാടെ വെട്ടിമാറ്റി
8 സിനിമക്കൊടുവിൽ ‘റമീസി’നെയും ‘അബ്ദുലി’നെയുംകുറിച്ചുള്ള വിവരം അനുയോജ്യമായ തരത്തിലാക്കി
9 സിനിമയിൽ പരാമർശിച്ച സംസ്ഥാനങ്ങളെക്കുറിച്ച പരാമർശങ്ങൾക്ക് തെളിവ് വാങ്ങി
10 സിനിമയുടെ ഭാഷക്കുള്ള സബ്ടൈറ്റിലുകളും മലയാള ഗാനത്തിന്റെ സബ്ടൈറ്റിലുകളും ഉൾപ്പെടുത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.