ചുട്ടുപൊള്ളി രാവും പകലും; ഉരുകി കേരളം
text_fieldsതൃശൂർ: ഫെബ്രുവരിയിൽ വഴിതെറ്റി വന്ന ശൈത്യം വിടവാങ്ങിയതോടെ കേരളം ചൂടിൽ ഉരുകുന്നു. ഇന്നുമുതൽ വേനൽ മാസങ്ങൾക്ക് തുടക്കമാകുന്നതോടെ ചൂട് പാരമ്യത്തിൽ എത്തുമെന്നാണ് കരുതുന്നത്. ഇപ്പോൾ തന്നെ സംസ്ഥാനത്ത് എല്ലായിടത്തും 35 ഡിഗ്രി സെൽഷ്യസിനോടടുത്ത് ചൂട് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുനലൂരിലുണ്ടായ 36.7 ഡിഗ്രി സെൽഷ്യസാണ് ഇതുവരെ രേഖപ്പെടുത്തിയ കൂടിയ താപനില.
കോട്ടയം, പാലക്കാട് ജില്ലകളിൽ കുറെ നാളുകളായി 36 ഡിഗ്രിയിലേറെയാണ് താപനില. തീരമേഖലകളിലും മലനാടിലും മാത്രമല്ല ഇടനാടിലും ചൂട് കൂടുകയാണ്. മൂന്നാറിൽ പകൽ ചൂട് കനക്കുേമ്പാൾതന്നെ പുലർച്ചെ തണുപ്പിനും കുറവില്ല. കേരളത്തിലാകെ വിവിധ ഇടങ്ങളിൽ പുലർച്ചെ നേരിയ കുളിരനുഭവപ്പെടുന്നുണ്ടെങ്കിലും രാവിലെ പത്തോടെ ചൂട് കനക്കുകയാണ്.
ഉച്ചക്ക് 12 മുതൽ മൂന്നുവരെ പുറത്തിറങ്ങാനാവാത്ത സാഹചര്യം. ജാഗ്രതയുണ്ടായില്ലെങ്കിൽ സൂര്യാഘാതമടക്കം ബാധിക്കാനിടയുണ്ട്.
കൊടും ചൂടിലേക്കാണ് കേരളം നടന്നടുക്കുന്നത്. ദേശീയതലത്തിലും കാര്യങ്ങൾ സമാനമാണ്. ഒഡിഷയിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഇപ്പോഴത്തെ താപനില. ഉത്തരേന്ത്യയും വിഭിന്നമല്ല. ഫെബ്രുവരി 15ന് ശേഷമാണ് കേരളത്തിൽ പകൽ ചൂട് വല്ലാതെ ഉയർന്നത്. എന്നാൽ ഫെബ്രുവരി 15വരെ ശൈത്യമായതിനാൽ രാത്രി ചൂട് കാര്യമായി അനുഭവപ്പെട്ടിരുന്നില്ല. ശരാശരി 20-22 ആയിരുന്ന രാത്രി താപനില ഇപ്പോൾ 24 മുതൽ 25 വരെ ഉയരുന്നുണ്ട്. ഇതുമൂലം പുഴുക്കും കൂടുകയാണ്. രാത്രി ചൂട് ഇനിയും കൂടാൻ സാധ്യതയുണ്ട്.
അതേസമയം, ജനുവരിയിൽ ലഭിച്ച അപ്രതീക്ഷിതമായ കനത്ത മഴയും ഫെബ്രുവരിയിലെ ഒറ്റെപ്പട്ട മഴയും കേരളത്തിന് ഇനിയും പ്രതീക്ഷ നൽകുന്നതാണ്.
സാധാരണ ഫെബ്രുവരി അവസാനത്തിലും മാർച്ച് പകുതിയിലുമാണ് വേനൽ മഴ ലഭിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുമാസങ്ങളിലും മഴ ലഭിച്ചതിനാൽ മാർച്ച് പകുതിയോടെ കാലാവസ്ഥ നിരീക്ഷകർ വേനൽ മഴ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.