ഭീമൻ കരിക്കും തെയ്യവും; മനം കവർന്ന് കേരളത്തിന്‍റെ നിശ്ചലദൃശ്യം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിന പരേഡിൽ കാണികളുടെ മനം കവർന്ന് കേരളത്തിന്‍റെ നിശ്ചലദൃശ്യം. കേരളത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യ വിളിച്ചോതുന്ന രണ്ട് ഭാഗങ്ങളുള്ള 'കയര്‍ ഓഫ് കേരള' നിശ്ചലദൃശ്യം ആണ് കേരളം ഒരുക്കിയത്. തേങ്ങയുടെയും തൊണ്ടിന്‍റെയും ചകിരിയുടെയും പശ്ചാത്തലത്തിലാണ് പരമ്പരാഗത കയര്‍ നിര്‍മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയും ചിത്രീകരിച്ചത്. മണ്ണൊലിപ്പ് തടയുന്നതിന് നിർമിക്കുന്ന കയര്‍ ഭൂവസ്ത്രം വിരിച്ച മാതൃകയിലാണ് നിശ്ചലദൃശ്യത്തിന്‍റെ പിന്‍വശം.
കേരളത്തിന്‍റെ കായൽ പ്രദേശങ്ങളില്‍ കാണപ്പെടുന്ന മണല്‍ത്തിട്ടയും കായലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ചീനവലയും കരയില്‍ കായ്ച്ച് നില്‍ക്കുന്ന തെങ്ങുകളുമാണ് പശ്ചാത്തലം. മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി ഉയര്‍ന്നു നില്‍ക്കുന്ന കരിക്കിന്‍റെ മാതൃകയും വശങ്ങളില്‍ വിവിധ പാകത്തിലുള്ള തേങ്ങകളും സമീപത്ത് തൊണ്ട് തല്ലുന്ന സ്ത്രീകളും ഉണ്ട്. അനുഷ്ഠാന കലാരൂപമായ തെയ്യവും മുൻവശത്ത് ഇടംപിടിച്ചു.
പ്രശസ്ത ടാബ്ലോ കലാകാരൻ ബപ്പാദിത്യ ചക്രവര്‍ത്തിയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി നിശ്ചലദൃശ്യം തയാറാക്കിയത്. 12 കലാകാരന്മാർ നിശ്ചലദൃശ്യത്തിന് വാദ്യവും തെയ്യവും ചീനവലയും ഒരുക്കി. ചെണ്ടവാദ്യത്തിന്‍റെ അകമ്പടിയോടെ തോറ്റം ശൈലിയിലുള്ള പശ്ചാത്തല സംഗീതം ശ്രീവത്സന്‍ ജെ. മേനോനാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.