കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; തിരുവനന്തപുരം സി കാറ്റഗറിയിൽ, ബി കാറ്റഗറിയിൽ എട്ട് ജില്ലകൾ
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാന ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം. ജില്ലകളിൽ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ,ബി,സി വർഗീകരണം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തിരുവനന്തപുരത്തെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണിത്.
സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ലെന്ന് നിർദേശം നൽകി. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. നിലവിലെ മറ്റ് നിയന്ത്രണങ്ങൾ തുടരും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. 10,11,12 ക്ലാസുകൾ ഓഫ് ലൈനായി നടക്കുന്നതിനാൽ കൂടുതൽ കരുതൽ വേണം. സ്കൂളുകളിൽ തുടർച്ചയായി മൂന്നുദിവസത്തെ ഹാജർനില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്ററായി കണ്ട് 15 ദിവസം അടച്ചിടാം. അപ്പോൾ അവർക്ക് ഓൺലൈനായി ക്ലാസ് തുടരാം. ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ അവസാനവർഷ ക്ലാസുകൾക്ക് മാത്രമേ ഓഫ് ലൈൻ അനുവദിക്കുകയുള്ളൂ. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും.
കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെയും പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. നിലവിലെ മറ്റ് നിയന്ത്രണങ്ങൾ തുടരും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാം. കാസർകോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഇല്ല. ഇരു ജില്ലയിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നാണ് വിലയിരുത്തൽ.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് (ജനുവരി ഒന്ന്) ഇരട്ടിയാകുകയാണെങ്കിലോ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാകുകയാണെങ്കിലോ ആണ് കാറ്റഗറി എയിൽ ഉൾപ്പെടുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിലോ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് ഇരട്ടിയാകുകയാണെങ്കിലോ കാറ്റഗറി ബിയിൽ ഉൾപ്പെടും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ സിയിലാണ് ഉൾപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.