മുഖ്യമന്ത്രിയുടെ കേരള പര്യടനം: കൂപ്പണടിച്ച് പിരിക്കേണ്ട, ഒരു വേദിയിൽ 5000 പേരെ എത്തിക്കണം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കേരള പര്യടനത്തിന് കൂപ്പൺ അടിച്ചു പിരിവ് പാടില്ലെന്നും സംഘാടനവുമായി ബന്ധപ്പെട്ട ചെലവ് വഹിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് തദ്ദേശ വകുപ്പ് അനുമതി നൽകണമെന്നും പൊതുഭരണവകുപ്പ് ഉത്തരവ്. ജില്ല ഭരണകൂടങ്ങൾ സ്പോൺസർമാരെ കണ്ടെത്തിയും പരസ്യങ്ങളിലൂടെയും പണം സമാഹരിക്കണം. ഇതിന് പ്രാദേശിക സഹകരണമുണ്ടാകണം. സഹകരണ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും നവകേരള സദസ്സ് ചെലവ് വഹിക്കുന്നതിന് സഹകരണ വകുപ്പ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.
ഓരോ വേദിയിലും വലിയ തോതിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തണം. 5000 പേർക്ക് ഇരിപ്പിടം ഒരുക്കണം. ആളുകൾക്ക് അതത് സദസ്സിലേക്കുള്ള യാത്രാസൗകര്യം ജില്ല ഭരണകൂടം ക്രമീകരിക്കണം. സദസ്സിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സംഘാടക സമിതി അധ്യക്ഷൻ, കൺവീനർ, എം.എൽ.എ, എം.പി, മറ്റു ജനപ്രതിനിധികൾ, കലക്ടർ, സംസ്ഥാന തല ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഇരിപ്പിടമുണ്ടാവുക. നവകേരള സദസ്സിന്റെ ഭാഗമായി പ്രമുഖ വ്യക്തികളുമായി സംവാദമുണ്ടാകും. 250ൽ കുറയാത്ത വ്യക്തികളെ ഇതിൽ പങ്കെടുപ്പിക്കണം. 250 പേരെയും പ്രത്യേകം കത്തയച്ചു ക്ഷണിക്കണം. സദസ്സ് നടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കാൻ സൗകര്യമുണ്ടാകും. വേദികളിൽ കലാപരിപാടിയുണ്ടാകുമെങ്കിലും യോഗം ആരംഭിക്കുന്നതിന് 20 മിനിറ്റ് മുമ്പ് അവസാനിപ്പിച്ച് സുരക്ഷ പരിശോധനക്ക് പൊലീസിന് കൈമാറണം.
താമസം
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴിയുന്നത്ര സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് താമസസൗകര്യം ഒരുക്കണം. മന്ത്രിമാരെ പരമാവധി മൂന്ന് സ്റ്റാഫ് അനുഗമിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസസ്ഥലങ്ങളിൽതന്നെ ഭക്ഷണ ഒരുക്കണം.
യാത്ര
കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകം സജ്ജീകരിച്ച ബസിലാകും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. പുതുതായി വാങ്ങിയ ഹൈബ്രിഡ് ബസുകളാണ് ഇതിനു സജ്ജമാക്കുന്നത്. കൂടാതെ, ഓരോ ജില്ലയിലും ടൂറിസം വകുപ്പ് അഞ്ചു വാഹനം വീതം സജ്ജമാക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.