നാളത്തെ ഭാരത് ബന്ദിൽ പങ്കെടുക്കില്ല; കടകൾ തുറക്കുമെന്ന് കേരളത്തിലെ വ്യാപാരികൾ
text_fieldsകോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിൽ പങ്കെടുക്കില്ലെന്ന് കേരളത്തിലെ വ്യാപാരികൾ. ഇന്ധന വിലവര്‍ധനവ്, പുതിയ ഇ-വേ ബില്‍, ജിഎസ്ടി എന്നിവയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം. കേരളത്തിൽ കാര്യമായ സ്വാധീനമില്ലാത്ത സംഘടനയാണ് ബന്ദ് നടത്തുന്നതെന്നും തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു. കേരള വ്യാപാരി വ്യവസായി സമിതിയും ബന്ദിൽനിന്ന് വിട്ടുനിൽക്കും.
അതേസമയം, 40,000 വ്യാപാര സംഘടനകള്‍ ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് ഭാരവാഹികൾ അവകാശപ്പെട്ടു. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫയര്‍ അസോസിയേഷനും (എ.ഐ.ടി.ഡബ്ല്യു.എ) ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നടത്തുകയെന്ന് എ.ഐ.ടി.ഡബ്ല്യു.എ അറിയിച്ചു. എന്നാൽ, കേരളത്തിലെ വാഹന ഗതാഗത രംഗത്ത് പ്രവൃത്തിക്കുന്ന സംഘടനകളൊന്നും ബന്ദിന് അനുകൂലമായ തീരുമാനം എടുത്തിട്ടില്ല.
ഭാരത് ഉദ്യോഗ് വ്യാപാര മണ്ഡൽ എന്ന ദേശീയ സംഘടനയുമായാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കുന്നത്. ശ്യാം ബിഹാരി മിശ്രയാണ് ഇതിന്‍റെ പ്രസിഡന്‍റ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അനുബന്ധ സംഘടനകളുള്ള ഭാരത് ഉദ്യോഗ് വ്യാപാര മണ്ഡൽ നാളത്തെ ബന്ദിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്‍റ് കൂടിയായ നസിറുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.