ട്രാൻസ്മെൻ സഹദിന് കുഞ്ഞ് പിറന്നു
text_fieldsകോഴിക്കോട്: സ്ത്രീയിൽനിന്ന് ട്രാൻസ്മെൻ ആയി രൂപമാറ്റം വരുത്തിയ സഹദിന് കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു പ്രസവം. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്.
സന്തോഷവാർത്ത പങ്കിട്ടുകൊണ്ട് ട്രാൻസ് ആക്ടിവിസ്റ്റായ ശീതൾ ശ്യാം ‘ആ കുഞ്ഞു പിറന്നു’ എന്ന് ഫേസ്ബുക്കിൽ കുറിച്ചു. സഹദിന്റെ പങ്കാളിയായ സിയ പവൽ ആശുപത്രിയിൽ ഒപ്പമുണ്ട്. കുഞ്ഞിന്റെ ജനനത്തോടെ ഇരുവരും ഇന്ത്യയിലെ ട്രാൻസ് ജെൻഡർ സമൂഹത്തിലെ ആദ്യ മാതാപിതാക്കളായി. സിയ പവൽ കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ചതോടെയാണ് സഹദ് ഗർഭിണിയായ വിവരം പുറംലോകമറിഞ്ഞത്.
തിരുവനന്തപുരം സ്വദേശിനിയായിരുന്നു സഹദ്. ട്രാൻസ്മെൻ ആകുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെത്തി അഷിതയെന്ന ട്രാൻസ് വ്യക്തിയുടെ മകനാവുകയായിരുന്നു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. മലപ്പുറം സ്വദേശിയായ സിയ വീടുവിട്ട് കോഴിക്കോട്ടെ ട്രാൻസ് കമ്യൂണിറ്റി ഷെൽട്ടർ ഹോമിൽ അഭയംതേടുകയും ദീപാറാണിയെന്ന ട്രാൻസ് വ്യക്തിയുടെ മകളാവുകയും ചെയ്തു.
ഇരുവരും തമ്മിലെ പരിചയം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തിയതോടെയാണ് കോഴിക്കോട് ഉമ്മളത്തൂരിൽ താമസം തുടങ്ങിയത്. മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം പാതിവഴിയിൽ മാത്രമാണ് മാറ്റമുൾക്കൊണ്ടത്. ഇരുവരും ഹോർമോൺ തെറപ്പി സ്വീകരിക്കുന്നതിനൊപ്പം സഹദ് സ്തനം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് ഇരുവരുടെയും മനസ്സിൽ കുഞ്ഞിനുള്ള ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലായിരുന്നു സഹദിന്റെ ഗർഭപരിചരണ ചികിത്സ. സ്തനം നീക്കം ചെയ്തതതിനാൽ കുഞ്ഞിന് മുലപ്പാല്‍ നല്‍കാൻ ആശുപത്രിയിലെ മില്‍ക്ക് ബാങ്കിനെ ആശ്രയിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.