കലക്ടറുടെ രണ്ടുകോടി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ട്രഷറി ജീവനക്കാരൻ
text_fieldsതിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് രണ്ടുകോടി രൂപ ഒാൺലൈൻ സംവിധാനത്തിലൂടെ അപഹരിച്ച സംഭവത്തിൽ സീനിയർ അക്കൗണ്ടൻറിന് സസ്പെൻഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നികുതി വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. സീനിയർ അക്കൗണ്ടൻറ് എം.ആർ. ബിജുലാലിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
മേയ് 31ന് വിരമിച്ച സബ്ട്രഷറി ഒാഫിസറുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ചാണ് ഇയാൾ തിരിമറി നടത്തിയത്. ജൂലൈ 27നാണ് കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് രണ്ടുകോടി രൂപ സ്വന്തം പേരിലുള്ള ട്രഷറി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്. അനധികൃത ഇടപാട് സ്ക്രൂട്ടിണി ചെയ്തതും ഇയാൾ സ്വന്തം യൂസർനെയിമും പാസ്വേഡും ഉപയോഗിച്ചാണ്. രണ്ടുകോടി രൂപയിൽ 60 ലക്ഷം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും പല തവണകളായി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയശേഷം ഇടപാടിെൻറ വിവരങ്ങൾ രേഖകളിൽനിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ, പണം കൈമാറ്റത്തിനുള്ള ഡേ ബുക്കിൽ രണ്ടുകോടിയുടെ വ്യത്യാസം വന്നു. 27 നാണ് രണ്ടുകോടി രൂപ കുറവുവന്നതെങ്കിലും ഈ തുക സമീപദിവസങ്ങളിലും കണ്ടെത്താനാകാതെ വന്നതിനെതുടർന്ന് ഡേ ബുക് സമർപ്പിക്കാനായില്ല. ഇതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
നഷ്ടം സംഭവിച്ചത് 60 ലക്ഷം രൂപയാണെന്നും ശേഷിക്കുന്ന തുക ട്രഷറി ബാങ്ക് അക്കൗണ്ടിൽ തന്നെയുണ്ടെന്നും ട്രഷറി വകുപ്പ് അധികൃതർ മാധ്യമത്തോട് പറഞ്ഞു. മറ്റ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബന്ധപ്പെട്ട ബാങ്കുകളോട് ആവശ്യപ്പെട്ടു. ഞായറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ചയേ ഇതുസംബന്ധിച്ച തുടർനടപടികളുണ്ടാകൂ.
വിരമിച്ചയാളുടെ പാസ്വേഡ്, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
വിരമിച്ച ജീവനക്കാരെൻറ യൂസർനെയിമും പാസ്വേഡും സീനിയർ അക്കൗണ്ടൻറിന് എങ്ങനെ ലഭിച്ചെന്നത് സംബന്ധിച്ചും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. സർവിസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ്വേഡും യൂസർനെയിമും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, മേയ് 31ന് വിരമിച്ച ഉദ്യോഗസ്ഥെൻറ പാസ്വേഡും യൂസർനെയിമും ഉപയോഗിച്ച് ജൂലൈ 27ന് എങ്ങനെ പണം മാറ്റി എന്നതാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണത്തിെൻറ പരിധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.