കേരളം ചുവന്നു, ഗൗരി തിളങ്ങി
text_fieldsകേരളത്തിെൻറ രാഷ്ട്രീയ^സാമൂഹിക കാലാവസ്ഥ തിരുത്തിയ തെരഞ്ഞെടുപ്പ് വിപ്ലവത്തിൽ വിടർന്ന മന്ത്രിസഭയിലെ വനിതാ നായിക. ചരിത്രം കുറിച്ച ഇ.എം.എസ് മന്ത്രിസഭയിൽ അദ്ദേഹത്തോളമോ ചിലപ്പോഴെല്ലാം അദ്ദേഹത്തെക്കാളേറെയോ കെ.ആർ. ഗൗരിയെന്ന നേതാവും മന്ത്രിയും ചർച്ചചെയ്യപ്പെട്ടിരുന്നു. ലോകത്ത് ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സർക്കാറിനെക്കുറിച്ചും വിജയത്തിലേക്ക് എത്തിച്ച തെരഞ്ഞെടുപ്പിനെപ്പറ്റിയും എന്നും ആവേശത്തോടെ മാത്രമേ ഗൗരിയമ്മ ഓർക്കാറുണ്ടായിരുന്നുള്ളൂ.
ചേർത്തലയിൽനിന്ന് ചെന്താമര
1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്നാണ് ഗൗരിയമ്മ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ആറു ഘട്ടമായി നടന്ന അന്നത്തെ തെരഞ്ഞെടുപ്പിെൻറ ഫലം മാർച്ച് അവസാനം പുറത്തുവന്നു. 1957 ഏപ്രിൽ അഞ്ചിന് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു. '59 ജൂലൈ 31വരെ മാത്രമേ ഇതിന് ആയുസ്സുണ്ടായിരുന്നുള്ളൂ.
ഇ.എം.എസിെൻറ നേതൃത്വത്തിൽ സി. അച്യുതമേനോൻ, ടി.വി. തോമസ്, കെ.സി. ജോർജ്, കെ.പി. ഗോപാലൻ, ടി.എ. മജീദ്, പി.കെ. ചാത്തൻ, ജോസഫ് മുണ്ടശ്ശേരി, വി.ആർ. കൃഷ്ണയ്യർ, ഡോ. എ.ആർ. മേനോൻ തുടങ്ങിയവർക്കൊപ്പം 37ാം വയസ്സിൽ കെ.ആർ. ഗൗരിയും മന്ത്രിമാരായി. ടി.വിയുമായുള്ള ഗൗരിയുടെ സ്നേഹബന്ധം അപ്പോഴേക്കും എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടുപേരും പ്രഥമ മന്ത്രിസഭയിൽ അംഗങ്ങളായത് വൻ വാർത്തയായി. ടി.വിക്ക് ഗതാഗതവും തൊഴിലും ഗൗരിക്ക് റവന്യൂ, ലാൻഡ് വകുപ്പുകളുമായിരുന്നു ലഭിച്ചത്.
ആയിരം ചൂട്ടുവെളിച്ചത്തിൽ
സത്യപ്രതിജ്ഞ ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ, ഓലമടലിെൻറ ആയിരം തുഞ്ചാണികൾ കൂട്ടി കൊളുത്തിയ തീവെട്ടത്തിലെ സ്വീകരണം ഗൗരിയുടെ മനസ്സിലെ എക്കാലത്തെയും ജ്വലിക്കുന്ന ഓർമയായിരുന്നു.
''മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി നാട്ടിലെത്തിയപ്പോൾ സ്വീകരണ പരിപാടി ഇഷ്ടപ്പെടാത്ത പലരുമുണ്ടായിരുന്നു. ചേർത്തലയിലെ കോച്ചയെന്ന ജന്മിയായിരുന്നു അവിടങ്ങളിൽ പെട്രോമാക്സുകൾ വാടകക്ക് നൽകിയിരുന്നത്. അയാൾ വിസമ്മതിച്ചപ്പോൾ നാട്ടുകാർ വെളിച്ചം പകരാൻ ഒരു വഴി കണ്ടെത്തി. ആയിരത്തോളം ഓലച്ചൂട്ടുകൾ കെട്ടിയുണ്ടാക്കി കത്തിച്ച് അവർ കൈകളിൽ ഏന്തി. ആ പൊൻവെളിച്ചത്തിൽ അവർ എെൻറ കഴുത്തിൽ ചുവപ്പുമാലകളണിഞ്ഞു'' ^ആദ്യ സ്വീകരണത്തെക്കുറിച്ചുള്ള ഗൗരിയമ്മയുടെ ഓർമകളാണിത്. ചേർത്തലക്കാരനായ കയർ ഫാക്ടറി ഉടമസ്ഥൻ അബ്ദുൽ ഖാദർ വിട്ടുതന്ന കാറിലാണ് ഗൗരി ആദ്യമായി നിയമസഭയിലേക്ക് പോയത്.
പലയിടത്തും സ്വീകരണം കിട്ടിയിട്ടുണ്ടെങ്കിലും മലബാറിലെ സ്വീകരണം താനൊരിക്കലും മറക്കിെല്ലന്ന് അവർ പറയാറുണ്ടായിരുന്നു. കോൺഗ്രസുകാരും ലീഗുകാരും കരിങ്കൊടി കാണിക്കാൻ നിരന്നുനിന്നു. പക്ഷേ, അവരെയൊന്നും വകവെക്കാതെ അവിടത്തെ ആയിരക്കണക്കിനു സ്ത്രീകൾ തന്നെ സ്വീകരിക്കാനെത്തിയതും ഗൗരിയമ്മയുടെ ഓർമയിലുണ്ട്.
എ.കെ.ജിയുടെ വിവാഹാഭ്യർഥന
എ.കെ.ജി തന്നോട് വിവാഹാഭ്യർഥന നടത്തിയതായി ഒരിക്കൽ ഗൗരിയമ്മ വെളിപ്പെടുത്തുകയുണ്ടായി. വയലാറിൽ വെടിെവപ്പ് നടന്ന പ്രദേശം കാണാൻ അദ്ദേഹം വന്നപ്പോൾ ഗൗരിയമ്മയും കൂടെപ്പോയിരുന്നു. തിരിച്ചു വരുമ്പോഴാണ്, വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് എ.കെ.ജി ആഗ്രഹം പറഞ്ഞത്. ചേർത്തലയിൽ പ്രാക്ടിസ് ചെയ്യാൻ താൻ വാടകക്കെടുത്ത വീട്ടിൽെവച്ചായിരുന്നു അതെന്ന് ഗൗരിയമ്മ ഓർക്കുന്നു. അദ്ദേഹത്തിനു പാർട്ടിപ്രവർത്തനത്തിലും മറ്റും അതേ മനസ്സുള്ള ഒരാളെ ഒപ്പം വേണമായിരിക്കും. പക്ഷേ, ഞാൻ സമ്മതമല്ലെന്നു പറഞ്ഞു. എ.കെ.ജി നല്ല മനുഷ്യനായിരുന്നു. പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ചയാളാണ്. സാധാരണക്കാർക്കുവേണ്ടി പ്രവർത്തിച്ച ജനങ്ങളുടെ നേതാവായിരുന്നു.
''മുഖ്യമന്ത്രി ആകാഞ്ഞത് ഇ.എം.എസിെൻറ കുശുമ്പുമൂലം''
1987ലെ തെരഞ്ഞെടുപ്പിൽ തന്നെ മുന്നിൽനിര്‍ത്തി പ്രചാരണം നടത്തി അധികാരത്തിലെത്തിയപ്പോൾ ഇ.എം.എസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് പിന്നാക്ക ജാതിക്കാരിയായതുകൊണ്ടാെണന്ന ഗൗരവതരമായ ആരോപണവും ഒരിക്കൽ ഗൗരിയമ്മ ഉന്നയിച്ചിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ ഇ.എം.എസ് വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കിയതിന് ഇ.എം.എസിെൻറ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു കാരണമെന്നും അവർ പറയുകയുണ്ടായി.
''ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല'' ^99ാം പിറന്നാൾദിനത്തിൽ മാധ്യമങ്ങളോടു സംസാരിക്കവെ ഗൗരിയമ്മ പറയുകയുണ്ടായി.
കരച്ചിലോടെ കന്നിമത്സരം
ചേർത്തലയിൽ മത്സരിക്കണമെന്ന് 1948ൽ പി. കൃഷ്ണപിള്ള ആവശ്യപ്പെട്ടപ്പോൾ ഗൗരിയമ്മ ആദ്യം ഞെട്ടി, പിന്നെ പൊട്ടിക്കരഞ്ഞു. ചേർത്തല കോടതിയിൽ വക്കീലായ ഗൗരിയമ്മയുടെ വരുമാനമാർഗം അതായിരുന്നു. മത്സരിച്ചു ജയിച്ചാൽ പണത്തിനു മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമെന്നായിരുന്നു സങ്കടം. മാത്രമല്ല, മകൾ വക്കീലാകണമെന്ന് ആഗ്രഹിച്ചിരുന്ന അച്ഛനു താൻ ജോലി നിർത്തുന്നതു വിഷമമാകുമെന്നും അറിയാം. മത്സരിക്കാൻ നേരേത്ത നിശ്ചയിച്ചിരുന്ന, വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന കുമാരപ്പണിക്കർ ഒളിവിലായതിനാൽ അദ്ദേഹത്തിെൻറ ഡമ്മിയായി നാമനിർദേശം സമർപ്പിച്ചാൽ മതിയെന്നു പി. കൃഷ്ണപിള്ള ആശ്വസിപ്പിച്ചു. പക്ഷേ, കുമാരപ്പണിക്കർക്കു മടങ്ങിവരാൻ കഴിയാത്തതിനാൽ ഗൗരിയമ്മക്കുതന്നെ മത്സരിക്കേണ്ടിവന്നു. പിന്നീടുള്ളതെല്ലാം രാഷ്ട്രീയ ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.