കേരള സർവകലാശാല യുവജനോത്സവം; അന്വേഷണത്തിന് പൊലീസിന് കത്ത് നൽകാൻ രജിസ്ട്രാർക്ക് നിർദേശം
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന്റെ വിധികർത്താവായിരുന്ന പി.എൻ. ഷാജിയുടെ ആത്മഹത്യക്ക് വഴിെവച്ച സാഹചര്യവും മത്സരവേദിയിൽ ഉയർന്ന കോഴ ആരോപണവും അന്വേഷിക്കാൻ കേരള പൊലീസിന് കത്ത് നൽകാൻ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്ക് നിർദേശം നൽകി. ഫെബ്രുവരി 26ന് കാലാവധി അവസാനിച്ച സർവകലാശാല യൂനിയൻ ഭാരവാഹികൾക്ക് പുതിയ െതരഞ്ഞെടുപ്പ് നടക്കുന്നതുവരെ കാലാവധി നീട്ടിക്കൊടുക്കണമെന്ന നിലവിലെ യൂനിയന്റെ നിർദേശം വൈസ് ചാൻസലർ തള്ളി. പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് െതരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവിൽ യൂനിയന്റെ ചുമതല സ്റ്റുഡൻസ് സർവിസ് ഡയറക്ടർക്ക് നൽകാനും വി.സി ഉത്തരവിട്ടു.
നിയമപ്രകാരം ഒരുവർഷം മാത്രമാണ് യൂനിയന് കാലാവധി. കാലാവധി ഫെബ്രുവരി 26ന് അവസാനിച്ചത് മറച്ചുെവച്ചാണ് യൂനിയന്റെ നേതൃത്വത്തിൽ യുവജനോത്സവം സംഘടിപ്പിച്ചത്. കാലാവധി നീട്ടി നൽകാനുള്ള രജിസ്ട്രാറുടെ കുറിപ്പ് വി.സിക്ക് സമർപ്പിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. തുടർന്ന് യുവജനോത്സവവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന വിവാദത്തിന്റെയും സംഘർഷത്തിന്റെയും അടിസ്ഥാനത്തിൽ നിലവിലെ യൂനിയന്റെ കാലാവധി അവസാനിപ്പിക്കാൻ വി.സി ഉത്തരവിടുകയായിരുന്നു. യുവജനോത്സവനടത്തിപ്പ് എസ്.എഫ്.ഐയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനായി ആസൂത്രിതമായാണ് സ്വാഗതസംഘ രൂപവത്കരണം ഉൾപ്പെടെ നടന്നതെന്ന് സേവ് യൂനിവേഴ്സിറ്റി ടീം ആരോപിച്ചു. മേയർ, എം.എൽ.എ, യൂനിവേഴ്സിറ്റി യൂനിയൻ ഭാരവാഹികൾ എന്നിവരെ കൂടാതെ എസ്.എഫ്.ഐ ജില്ല സെക്രട്ടറിയെയാണ് പ്രോഗ്രാമിന്റെ ജനറൽ കൺവീനറായി ചുമതലപ്പെടുത്തിയത്. ഇതും ആസൂത്രിതമായിരുന്നു. ജനറൽ കൺവീനറായ എസ്.എഫ്.ഐ ജില്ല സെക്രട്ടറിക്കായിരുന്നു യുവജനോത്സവ നടത്തിപ്പിന്റെ പൂർണചുമതലയെന്നും സേവ് യൂനിവേഴ്സിറ്റി ടീം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.