കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി
text_fieldsകൊച്ചി: കേരള സർവകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ തള്ളിയ ക്രൈംബ്രാഞ്ച്, നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ കണ്ടെത്തിയില്ലെന്നാണ് പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
പരീക്ഷ നടത്തിയതും പിന്നീട് നശിപ്പിക്കപ്പെട്ടതുമായ ഒ.എം.ആർ ഷീറ്റ് കണ്ടെത്താത്ത സാഹചര്യത്തിൽ പ്രതികൾ കുറ്റക്കാരെന്ന് പറയാനാവില്ലെന്നാണ് നിയമോപദേശം. കേസ് അടുത്ത മാസം ഒമ്പതിന് പരിഗണിക്കും.
സർവകലാശാല മുൻ വൈസ്ചാൻസലർ എം.കെ രാമചന്ദ്രൻ നായർ, മുൻ പി.വി.സി ഡോ. ബി. ജയപ്രകാശ്, മുൻ രജിസ്ട്രാർ കെ.എ ഹാഷ്മി, മുൻ സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ റഷീദ്, ബി.എസ്. രാജീവ്, എം.പി റസൽ, കെ.എ ആൻഡ്രൂസ് അടക്കമുള്ളവരായിരുന്നു കേസിലെ പ്രതികൾ.
അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയിലും നിയമനത്തിലും തട്ടിപ്പ് നടത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആദ്യ കുറ്റപത്രത്തിലെ ആരോപണം. എഴുത്തു പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ മുകളിൽ വന്നവർ അഭിമുഖത്തിന് ശേഷം പിന്നിൽ പോയെന്നും ചില രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും ഭാര്യമാരും നിയമനം നേടിയെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. തുടർന്ന് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി നിർദേശ പ്രകാരം നടത്തിയ തുടരന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.