കേരള സർവകലാശാല: നിർണായക സെനറ്റ് യോഗം ഇന്ന്; ഗവർണർക്കെതിരായ പ്രമേയം ചർച്ചയാകും
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപവത്കരണ വിവാദവും 12 സെനറ്റംഗങ്ങളെ പുറത്താക്കിയതും ഹൈകോടതിയുടെ പരിഗണനയിലിരിക്കെ വെള്ളിയാഴ്ച വീണ്ടും സെനറ്റ് യോഗം ചേരുന്നു. യോഗത്തിൽ വി.സി സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ. ബിന്ദു പ്രഖ്യാപിച്ചിരുന്നെങ്കിലും അജണ്ടയിൽ ചേർത്തിട്ടില്ല.
സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ മുമ്പ് നടന്ന യോഗത്തിൽനിന്ന് ഭരണാനുകൂല അംഗങ്ങൾ വിട്ടുനിന്നിരുന്നു. തുടർന്നാണ് സെനറ്റിലെ 15 പേരെ ഗവർണർ പുറത്താക്കിയത്. ഇത് ചോദ്യം ചെയ്തുള്ള ഹരജി ഹൈകോടതി പരിഗണനയിലാണ്. സ്റ്റേയില്ലാത്തതിനാൽ ഇവർക്ക് യോഗത്തിൽ പങ്കെടുക്കാനാകില്ല. സർവകലാശാല പ്രതിനിധിയെ ഒഴിച്ചിട്ട് ഗവർണർ സെർച്ച് കമ്മിറ്റി രൂപവത്കരിച്ച നടപടി ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും നേരത്തെ സെനറ്റ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
പ്രമേയം കേരള വി.സി ഗവർണർക്ക് അയച്ചുകൊടുത്തെങ്കിലും രാജ്ഭവൻ പരിഗണിച്ചില്ല. ഗവർണർക്കെതിരായ നിലപാടിൽ പുനഃപരിശോധന ആവശ്യമാണോ എന്ന് സെനറ്റ് ചർച്ച ചെയ്യും. തീരുമാനം പുനഃപരിശോധിക്കണമെങ്കിൽ പ്രത്യേക യോഗം വിളിച്ച് മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. ഇതിനുവേണ്ടിയാണ് വെള്ളിയാഴ്ചത്തെ പ്രത്യേക യോഗം. പ്രമേയം പിൻവലിക്കാതെ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കാനാകില്ല.
സെനറ്റ് പ്രമേയം പിൻവലിക്കുന്നത് ഗവർണർക്ക് കീഴടങ്ങുന്നതിന് തുല്യമാണെന്ന ആക്ഷേപം ഉയരാനിടയുണ്ട്. ഗവർണർ നേരിട്ട് ചുമതല നൽകിയ ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിന്‍റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.