കേരള സർവകലാശാല: പകരം അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിന് ഗവർണർക്ക് ഹൈകോടതി വിലക്ക്
text_fieldsകൊച്ചി: കേരള സർവകലാശാലയിൽ ഗവർണർ പുറത്താക്കിയ 15 അംഗങ്ങളുടെ ഹരജിയിൽ ഹൈകോടതി നടപടി. പകരം അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിൽ നിന്നും ഹൈകോടതി ഗവർണറെ വിലക്കി. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് നിർദേശിച്ച കോടതി ഗവർണറുടെ അധികാരപരിധി പരിശോധിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി.
നേരത്തെ സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചിരുന്നു. ചാൻസലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.
പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു.ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവർണർ നീങ്ങിയത്.
അതേസമയം, സർവകലാശാല സെനറ്റംഗങ്ങളെ പുറത്താക്കി നോട്ടീസ് നൽകാൻ ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വി.സി വിസമ്മതിച്ചതോടെ രാജ്ഭവൻ തന്നെ ഇവരെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് ഇറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.