ഡി.വൈ.എഫ്.ഐ നേതാവ് സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ; നടപടി ന്യായീകരിച്ച് കേരള സർവകലാശാല
text_fieldsതിരുവനന്തപുരം: ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെ നിയമിച്ച നടപടിയെ ന്യായീകരിച്ച് കേരള സർവകലാശാല. സിൻഡിക്കേറ്റംഗമായ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി ജെ.എസ്. ഷിജൂഖാനെ അധ്യക്ഷനാക്കി ഉൾപ്പെടുത്തിയാണ് നാല് വർഷ ബിരുദ അധ്യാപക നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഇന്റർവ്യൂ നടത്തുന്നത്. സെലക്ഷൻ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് വൈസ്ചാൻസലർ നിർദേശിച്ച സീനിയർ പ്രഫസറുടെ പേര് വെട്ടിയാണ് ഷിജൂഖാനെ അധ്യക്ഷനാക്കിയതെന്നാണ് ആരോപണം.
നടപടി വിവാദമായതോടെ വിശദീകരണവുമായി സർവകലാശാല വാർത്തകുറിപ്പിറക്കി. സർവകലാശാല ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് വാർത്തകുറിപ്പിൽ പറയുന്നു. 11 വിഷയങ്ങളിലായി യു.ജി.സി യോഗ്യതയുള്ള 12 അധ്യാപകരെ താൽക്കാലികമായി നിയമിക്കാനാണ് സിൻഡിക്കേറ്റ് അനുമതി നൽകിയത്. 11 മാസത്തേക്ക് ബോണ്ട് വാങ്ങിയാണ് നിയമനം. അത് യു.ജി.സി നിർദേശിച്ച കരാർ നിയമന വ്യവസ്ഥയിലുള്ളതല്ല. വേതനവ്യവസ്ഥകളും യു.ജി.സിയുടേതല്ല. നിശ്ചിതതുക പ്രതിഫലം നിശ്ചയിച്ചാണ് നിയമനം. താൽക്കാലിക നിയമനങ്ങൾ സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരമാണ് നടത്തുന്നത്. പ്രോ വൈസ് ചാൻസലർ ഇല്ലാത്ത സാഹചര്യത്തിലാണ് പഠന വകുപ്പ് മേധാവിയും വിഷയവിദഗ്ധരും സിൻഡിക്കേറ്റിന്റെ സ്റ്റാഫ് കമ്മിറ്റി കൺവീനറും സർവകലാശാല രജിസ്ട്രാറും അടങ്ങുന്ന സമിതി ഇന്റവ്യൂ നടത്തണമെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചത് -സർവകലാശാല വ്യക്തമാക്കി.
അതേസമയം, സർവകലാശാലകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും സ്ഥിരം അധ്യാപക നിയമന വ്യവസ്ഥകൾ പാലിക്കണമെന്ന് യു.ജി.സി റെഗുലേഷൻ പറയുമ്പോഴാണ് ഇതിന് വിരുദ്ധമായ സെലക്ഷൻ കമ്മിറ്റി കേരള സർവകലാശാല രൂപവത്കരിച്ചത്. പാർട്ടിക്കാരെയും സ്വന്തക്കാരെയും നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.