കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക സർവകലാശാല ബിൽ പാസാക്കി; പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക സർവകലാശാല ബിൽ നിയമസഭ പാസാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നൂതന കണ്ടെത്തലുകളുടെ സഹായത്തോടെ പഠന-ഗവേഷണങ്ങൾക്ക് മുൻതൂക്കം നൽകുന്ന സർവകലാശാല സ്ഥാപിക്കലാണ് ലക്ഷ്യം. വേണ്ടപ്പെട്ടവർക്ക് ലാവണം ഒരുക്കാനാണ് ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
യു.ജി.സി നിബന്ധനകളില്ലാത്തവരെ പോലും അധ്യാപകരായി നിയമിച്ചിട്ടുണ്ട്. സങ്കേതിക സർവകലാശാല നിലവിലുള്ളപ്പോൾ എന്തിനാണ് ഡിജിറ്റൽ സർവകലാശാലയെന്നും സംസ്ഥാനത്ത് കൂണുകൾ മുളക്കുംപോലെയാണ് സർവകലാശാലകൾ വരുന്നതെന്നും സതീശൻ പറഞ്ഞു. ഡിജിറ്റൽ സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ യു.ജി.സി മാനദണ്ഡപ്രകാരവും അനധ്യാപക നിയമനങ്ങൾ പി.എസ്.സി വഴിയും നടത്തുമെന്ന് ബിൽ അവതരിപ്പിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഡിജിറ്റൽ സയൻസിെൻറ പുതിയ മേഖലകൾ കണ്ടെത്താനാണ് സർവകലാശാലയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ട്രിപ്ൾ ഐ.ടി.എം.കെയാണ് ഡിജിറ്റൽ സർവകലാശാലയായി ഉയർത്തിയത്. തിരുവനന്തപുരം ടെക്നോസിറ്റിയിൽ 10 ഏക്കറോളം സ്ഥലത്താണ് സർവകലാശാല സ്ഥാപിച്ചത്.
2021ലെ കേരള സ്വാശ്രയ അധ്യാപക-അനധ്യാപക ജീവനക്കാർ (നിയമനവും സേവന വ്യവസ്ഥകളും) ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ബിൽ അവതരിപ്പിച്ചത്. സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം, സേവന വേതന വ്യവസ്ഥ എന്നിവ സംബന്ധിച്ച ബില്ലാണിത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിപാർശപ്രകാരമാണ് ബില്ലായത്.
ബിൽ ജീവനക്കാരുടെ സാമാന്യ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഉന്നത വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. കെ. ബാബു, എൻ. ഷംസുദ്ദീൻ, മാത്യു കുഴൽനാടൻ എന്നിവർ ഉന്നയിച്ച തടസ്സവാദങ്ങൾ തള്ളിയാണ് ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.