വകതിരിവില്ലാതെ കേരള സർവകലാശാല; കോവിഡ് കാലത്ത് ആയിരങ്ങളെ വിളിച്ചുകൂട്ടി സ്പോട്ട് അഡ്മിഷൻ
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് വകതിരിവില്ലാതെ സർവ നിയന്ത്രണങ്ങളും ലംഘിച്ച് കേരള സർവകലാശാല ആസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും വിളിച്ചുകൂട്ടി ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ.
സർവകലാശാല സെനറ്റ് ഹാളിലും പരിസരത്തും വൻ ജനക്കൂട്ടം രൂപപ്പെട്ടതോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പൊലീസും ഇടപെട്ട് പ്രവേശന നടപടികൾ നിർത്തിവെപ്പിച്ചു. ഒന്നാം വർഷ ബി.എ, ബി.എസ്സി, ബി.കോം കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനാണ് സകല നിയന്ത്രണങ്ങളും തെറ്റിച്ച് നടത്തിയത്.
മാറ്റിവെച്ച സ്പോട്ട് അഡ്മിഷൻ തീയതി പിന്നീട് അറിയിക്കുമെന്ന് സര്വകലാശാല അറിയിച്ചു. സർവകലാശാലക്ക് കീഴിൽ തിരുവനന്തപുരം ജില്ലയിലെ 63 കോളജുകളിലെയും യു.െഎ.ടികളിലെയും ബിരുദ കോഴ്സുകളിലേക്കായിരുന്നു വ്യാഴാഴ്ച സ്പോട്ട് അഡ്മിഷൻ. എന്നാൽ, സർവകലാശാലയുടെ പരിധിക്ക് പുറത്തുള്ള ജില്ലകളിൽ നിന്നുവരെ കുട്ടികളും രക്ഷാകർത്താക്കളും എത്തിയതോടെ സകല നിയന്ത്രണങ്ങളും പാളി.
കാസർകോട് മുതലുള്ള മിക്ക ജില്ലകളിൽനിന്നും വിദ്യാർഥികൾ കാമ്പസിലെത്തി. ഡിസംബർ 29 വരെ ഒാപ്ഷൻ സമർപ്പണത്തിന് സമയം നൽകിയവരെയാണ് സ്പോട്ട് അഡ്മിഷന് ക്ഷണിച്ചുവരുത്തിയത്. പ്രവേശനം തേടി ഒാപ്ഷൻ രജിസ്റ്റർ ചെയ്തത് 7500ൽ പരം വിദ്യാർഥികളാണ്.
ഇവർക്കൊപ്പം രക്ഷാകർത്താക്കൾകൂടി വന്നതോടെയാണ് സർവകലാശാല കാമ്പസിൽ വൻ ജനക്കൂട്ടം രൂപപ്പെട്ടത്. ജനറൽ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനായിരുന്നു വ്യാഴാഴ്ച നിശ്ചയിച്ചത്. ഉച്ചയോടെ ബി.എ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഏറക്കുറെ പൂർത്തിയാക്കി. ആരോഗ്യവകുപ്പിെൻറയും ജില്ലാ ഭരണകൂടത്തിെൻറയും ഇടപെടലും പിന്നാലെ പൊലീസും എത്തിയതോടെ സ്പോട്ട് അഡ്മിഷൻ നിർത്തിവെച്ചു.
നേരത്തേ എസ്.സി/എസ്.ടി വിഭാഗത്തിന് സ്പോട്ട് അഡ്മിഷൻ നടത്തിയേപ്പാൾ കുട്ടികളുടെ എണ്ണം കുറവായിരുന്നു. ഇൗ അനുഭവത്തിലാണ് ജനറൽ സീറ്റിലേക്ക് ജില്ല തിരിച്ച് സ്പോട്ട് അഡ്മിഷൻ നിശ്ചയിച്ചത്. ഇതുപ്രകാരം തിരുവനന്തപുരത്ത് ജനുവരി ഏഴിനും കൊല്ലം ജില്ലയിലേക്ക് 11നും ആലപ്പുഴയിലേക്ക് 12നും പത്തനംതിട്ടയിലേക്ക് 15നും സ്പോട്ട് അഡ്മിഷൻ നടത്താനാണ് നിശ്ചയിച്ചത്.
സർവകലാശാലക്ക് കീഴിൽ മൊത്തം 5000ത്തോളം സീറ്റുകളാണ് ഒഴിവുള്ളത്. സ്േപാട്ട് അഡ്മിഷൻ താളംതെറ്റിയതോടെ ജനക്കൂട്ടം ഒഴിവാക്കിയുള്ള അലോട്ട്മെൻറിന് ക്രമീകരണം നടത്താൻ വൈസ് ചാൻസലർ നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി; ജനം വലഞ്ഞു
തിരുവനന്തപുരം: സ്പോട്ട് അഡ്മിഷന് വൻ ജനക്കൂട്ടം രൂപപ്പെട്ടതോടെ കുട്ടികളും രക്ഷാകർത്താക്കളും ഭക്ഷണം ലഭിക്കാതെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനാകാതെയും വലഞ്ഞു. ഇത് സർവകലാശാലയിൽ മറ്റ് ആവശ്യങ്ങൾക്കെത്തിയവരെയും ദുരിതത്തിലാക്കി. പാളയം കാമ്പസിൽ ഇരിക്കാൻപോലും ഇടമില്ലാത്ത രീതിയിലായിരുന്നു ജനക്കൂട്ടം. ആയിരത്തിലധികം സീറ്റുള്ള സെനറ്റ് ഹാൾ നിറഞ്ഞുകവിഞ്ഞു.
ഇതിന് പരിസരവും ജനനിബിഡമായതോടെ സാമൂഹിക, ശാരീരിക അകലം എന്ന കോവിഡ് മാർഗനിർദേശം കാറ്റിൽപറന്നു. കുടിവെള്ളം പോലും ലഭിക്കാതെ പലരും വലഞ്ഞു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പൊലീസും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഇടപെട്ടതോടെയാണ് സ്പോട്ട് അഡ്മിഷൻ നിർത്തിവെച്ചത്.
ജനക്കൂട്ടം ഒഴിവാക്കാൻവേണ്ടി മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണർ ഇത്തവണ സ്പോട്ട് അലോട്ട്മെൻറ് ഒഴിവാക്കി ഒാൺലൈൻ രീതിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞവർഷം വരെ ആയിരക്കണക്കിന് വിദ്യാർഥികൾ പെങ്കടുത്ത സ്പോട്ട് അലോട്ട്മെൻറാണ് ഇത്തവണ ഒാൺലൈൻ രീതിയിലേക്ക് മാറ്റി പരാതികളില്ലാതെ കമീഷണർ പൂർത്തിയാക്കിയത്.
ഇത്തരം മാതൃകകൾ നിലനിൽക്കെയാണ് വിദ്യാർഥികളെയും രക്ഷാകർത്താക്കെളയും കൂട്ടത്തോടെ വിളിച്ചുവരുത്തി കോവിഡ് വ്യാപനത്തിന് സർവകലാശാലതന്നെ വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.