
പ്ലസ് വൺ: സർക്കാർ സ്കൂളുകളിൽ 10 ശതമാനം മുന്നാക്ക സംവരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇ.ഡബ്ല്യു.എസ്) വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് 10 ശതമാനം സംവരണം അനുവദിച്ച് സർക്കാർ ഉത്തരവ്. ഇൗ വർഷം നടക്കുന്ന പ്രവേശനം മുതൽ ഉത്തരവ് ബാധകമാണ്.
സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ ആറു വടക്കൻ ജില്ലകളിൽ അനുവദിച്ച 20 ശതമാനവും മറ്റു ജില്ലകളിൽ അനുവദിച്ച 10 ശതമാനവും അധിക സീറ്റിനും സംവരണം ബാധകമാണ്. ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) സംവരണം അനുവദിച്ചുവരുന്നതുമായ എല്ലാ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ സ്കൂളുകളിലുമാണ് ഇ.ഡബ്ല്യു.എസ് സംവരണം വരുന്നത്. നിലവിൽ എയ്ഡഡ് സ്കൂളുകളിൽ പ്രത്യേക ഒ.ബി.സി സംവരണം ഇല്ലാത്തതിനാൽ ഉത്തരവ് സർക്കാർ സ്കൂളുകൾക്ക് മാത്രമായിരിക്കും ബാധകം.
ഉത്തരവിനനുസൃതമായി പ്രോസ്പെക്ടസ്/ അപേക്ഷ ഫോറം എന്നിവയിൽ ആവശ്യമായ മാറ്റം ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവിൽ പറയുന്നു. മുന്നാക്ക സംവരണ ഉത്തരവായതോടെ ഇൗ മാസം 14ന് അവസാനിക്കുന്ന അപേക്ഷ സമർപ്പണത്തിനുള്ള സമയം നീട്ടിയേക്കും. മുന്നാക്ക സംവരണത്തിനർഹരായ വിദ്യാർഥികൾക്ക് അപേക്ഷയിൽ ഇൗ വിവരം ചേർക്കാൻ അവസരം നൽകും. അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ അപേക്ഷക്കൊപ്പം ചേർക്കേണ്ടിവരും.
ഹയർ സെക്കൻഡറിയിൽ 16,944 സീറ്റ്; വി.എച്ച്.എസ്.ഇയിൽ 2118
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ സംസ്ഥാനത്തെ 819 ഗവ. ഹയർ സെക്കൻഡറികളിൽ 16,944 സീറ്റ് നീക്കിവെക്കേണ്ടിവരും. 261 ഗവ. വി.എച്ച്.എസ്.ഇകളിൽ 2118 സീറ്റും നീക്കിവെക്കണം. നിലവിലുള്ള മെറിറ്റ് സീറ്റിൽ നിന്നായിരിക്കും ഇത് നീക്കിവെക്കുക.
സർക്കാർ ഹയർ സെക്കൻഡറികളിൽ ആകെ 2824 ബാച്ചാണുള്ളത്. ഒാരോ ബാച്ചിൽനിന്ന് ആറുവീതം സീറ്റാണ് നീക്കിവെക്കുക. 261 സർക്കാർ വി.എച്ച്.എസ്.ഇകളിൽ 706 ബാച്ചാണുള്ളത്. ഇതിൽനിന്ന് മൂന്നു വീതം സീറ്റ് നീക്കിവെക്കേണ്ടിവരും. ഹയർ സെക്കൻഡറിയിലും വി.എച്ച്.എസ്.ഇയിലുമായി ആകെ 19,062 സീറ്റ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.