ലൈബ്രറി അസിസ്റ്റന്‍റ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ കേരള വാഴ്സിറ്റി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ലൈബ്രറി അസിസ്റ്റന്‍റുമാരുടെ നിലവിലെ ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചിട്ടും കേരള സർവകലാശാല മാത്രം റിപ്പോർട്ട് ചെയ്യാത്തത് സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ബന്ധുക്കളായ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണെന്ന് ആക്ഷേപം.
കേരള സർവകലാശാലയിൽ 54 പേരെയാണ് ലൈബ്രറി അസിസ്റ്റന്‍റുമാരായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. എം.ജി സർവകലാശാല 19ഉം കാലിക്കറ്റ് 17ഉം കുസാറ്റ് 22ഉം കണ്ണൂർ അഞ്ചും കാർഷികം 15ഉം ഒഴിവുകൾ ഇതിനകം പി.എസ്.സിക്ക് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം സാങ്കേതിക സർവകലാശാല ഉൾപ്പെടെ സർവകലാശാലകൾ സ്ഥിരം തസ്തികകൾ സൃഷ്ടിക്കാതെ കരാറടിസ്ഥാനത്തിൽ ലൈബ്രറി ജീവനക്കാരെ നേരിട്ട് നിയമിച്ചിരിക്കുകയാണ്.
ഡിജിറ്റൽ സർവകലാശാല നിയമനങ്ങൾ ഇതേവരെ പി.എസ്.സിക്ക് കൈമാറിയിട്ടില്ല. 'കേരള'യിലെ താൽക്കാലിക ലൈബ്രറി ജീവനക്കാർ, തങ്ങൾ പ്രായപരിധി കഴിഞ്ഞവരാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചിരുെന്നങ്കിലും നിയമപരമായി നിയമനത്തിന് പരിഗണിക്കാൻ സർക്കാറിനും കേരള സർവകലാശാലക്കും കോടതി നിർദേശം നൽകിയിരിക്കുകയാണ്.
കരാർ ജീവനക്കാരുടെ സമ്മർദം മൂലമാണ് ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാൻ സർവകലാശാല വിമുഖത കാട്ടുന്നത്. ലൈബ്രറി അസിസ്റ്റന്‍റ് നിയമനത്തിനുള്ള എഴുത്തുപരീക്ഷ പി.എസ്.സി കഴിഞ്ഞ ജൂലൈയിലാണ് ഓൺലൈനായി നടത്തിയത്. ആകെയുള്ള ഒഴിവുകളുടെ എണ്ണം കണക്കാക്കിയാണ് പി.എസ്.സി റാങ്ക് പട്ടിക തയാറാക്കുന്നത്. കേരള സർവകലാശാല ഒഴിവുകൾ അറിയിക്കാത്തതുകൊണ്ട് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണത്തിൽ ആനുപാതികമായ കുറവുണ്ടാകും.
ഇത് സംവരണവിഭാഗമുൾെപ്പടെ എല്ലാ ഉദ്യോഗാർഥികളെയും ദോഷകരമായി ബാധിക്കും. കേരളയിലെ ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകണമെന്നും ലൈബ്രറിയിലെ കരാർ ലൈബ്രറി അസിസ്റ്റന്‍റുമാരെ സ്ഥിരപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.