ഗവർണറുടെ നീക്കത്തെ അതിജീവിച്ച് കേരള വി.സി ഡോ. മഹാദേവൻ പിള്ള പടിയിറങ്ങി
text_fieldsതിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ നീക്കത്തെ അതിജീവിച്ച്, കാലാവധി പൂർത്തിയാക്കി കേരള സർവകലാശാല വൈസ്ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളക്ക് പടിയിറക്കം. പദവിയിൽ നിന്ന് വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് മഹാദേവൻ പിള്ള ഉൾപ്പെടെ ഒമ്പത് വി.സിമാർക്ക് രാജി തേടിയുള്ള ചാൻസലറായ ഗവർണറുടെ നിർദേശം ലഭിക്കുന്നത്.
മഹാദേവൻ പിള്ളയുടെ വി.സി പദവിയിലെ അവസാന ദിവസമായ തിങ്കളാഴ്ച രാവിലെ പതിനൊന്നരക്കകം രാജി നൽകണമെന്നായിരുന്നു ലഭിച്ച നിർദേശം. എന്നാൽ ഗവർണറുടെ നിർദേശത്തെ നിയമപരമായി ഒമ്പത് വി.സിമാരും ചേർന്ന് കോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
രാജിവെച്ചില്ലെങ്കിൽ വി.സിമാരെ ഗവർണർ പുറത്താക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് വി.സിമാരുടെ അഭിഭാഷകരുടെ അപേക്ഷ പ്രകാരം അവധിദിവസമായിട്ടും ഹൈകോടതി പ്രത്യേകം സിറ്റിങ് നടത്തി തിങ്കളാഴ്ച വൈകീട്ട് നാലിന് കേസ് പരിഗണിച്ചത്. ഗവർണറുടെ നടപടി കോടതിയിലെത്തിയതോടെ ഉടൻ പിരിച്ചുവിടൽ നീക്കത്തിൽനിന്ന് ഗവർണറും പിറകോട്ട് പോയി. പിന്നാലെ രാജി ആവശ്യത്തിൽ നിന്ന് ചുവടുമാറ്റി ഒമ്പത് വി.സിമാർക്കും ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അടുത്ത മൂന്നാം തിയതിക്കകം മറുപടി നൽകാൻ നിർദേശിക്കുകയുമായിരുന്നു. ഇതോടെ കേരള വി.സിക്ക് കാലാവധി പൂർത്തിയാക്കി വിരമിക്കാനുള്ള സാഹചര്യമൊരുങ്ങി.
നേരത്തെ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദേശം നിരസിച്ചതിന് കേരള വി.സിക്കും സർവകലാശാലക്കുമെതിരെ ഗവർണർ രംഗത്തുവന്നിരുന്നു. വി.സിക്കെതിരെ വ്യക്തി അധിക്ഷേപത്തിന് വരെ ഗവർണർ മുതിർന്നു.
2018 ഒക്ടോബർ 23നാണ് കേരള സർവകലാശാല വി.സിയായി മഹാദേവൻ പിള്ള നിയമിതനായത്. കേരള സർവകലാശാലയെ നാഷനൽ അസസ്മെൻറ് ആൻറ് അക്രഡിറ്റേഷൻ കൗൺസിലിെൻറ ഉയർന്ന ഗ്രേഡിങ് ആയ എ പ്ലസ് പ്ലസ് നേട്ടത്തിൽ എത്തിക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചാണ് വി.സി പടിയിറങ്ങിയത്.
പദവിയിൽ നിന്ന് വിരമിക്കുന്നതിെൻറ ഏതാനും ദിവസം മുമ്പ് കേരള സർവകലാശാല ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം വികസിപ്പിച്ചെടുത്ത സുരക്ഷാ ഹോളോഗ്രാം സാേങ്കതിക വിദ്യയുടെ ആധികാരിക പരിശോധന രീതിക്കും ഉപകരണത്തിനും പേറ്റൻറ് ലഭിച്ചിരുന്നു. വി.സി മഹാദേവൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിനായിരുന്നു പേറ്റൻറ് ലഭിച്ചത്.
പദവിയിൽ നിന്ന് വിരമിച്ചതോടെ ഗവർണറുടെ പിരിച്ചുവിടൽ ഭീഷണിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസിൽ നിന്നും മഹാദേവൻപിള്ള ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.