കേരള വി.സി സെർച് കമ്മിറ്റി; സെനറ്റ് ഒരു മാസത്തിനകം പ്രതിനിധിയെ നിർദേശിക്കണം
text_fieldsകൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം നാമനിർദേശം ചെയ്യണമെന്ന് ഹൈകോടതി. ഈ സമയപരിധിക്കകം പ്രതിനിധിയെ സെനറ്റ് നിർദേശിച്ചില്ലെങ്കിൽ യു.ജി.സി, സർവകലാശാല നിയമങ്ങൾ പാലിച്ച് ചാൻസലർക്ക് നടപടികൾ സ്വീകരിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സെർച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം എസ്. ജയറാം നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
യു.ജി.സി, ചാൻസലർ, സെനറ്റ് എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മാത്രമേ മൂന്നംഗ സെർച് കമ്മിറ്റിക്ക് രൂപം നൽകാനാകൂവെന്നതിനാൽ സെനറ്റ് പ്രതിനിധിയില്ലാതെ രണ്ട് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനം താൽക്കാലികമാണെന്ന് വിലയിരുത്തിയ കോടതി, അതിൽ തെറ്റില്ലെന്ന് നിരീക്ഷിച്ചു.
കമ്മിറ്റിയുടെ കൺവീനറെ ചാൻസലർ നിശ്ചയിച്ചത് സെനറ്റിന്റെ തെറ്റിദ്ധാരണക്ക് ഇടയാക്കിയതാണ് തർക്കത്തിന് ഇടയാക്കിയത്. താൽക്കാലിക വിജ്ഞാപനമാണെന്ന് മനസ്സിലാകാത്ത പശ്ചാത്തലത്തിലാണ് അത് പിൻവലിക്കാതെ പ്രതിനിധിയെ നിർദേശിക്കില്ലെന്ന നിലപാട് ആഗസ്റ്റ് 20ലെ യോഗത്തിൽ സെനറ്റ് സ്വീകരിച്ചത്.
ചാൻസലർക്ക് മുന്നിൽ സെനറ്റ് നിബന്ധന വെക്കുന്നുവെന്ന ആരോപണമാണ് ഇതിന് പിന്നാലെയുണ്ടായത്. വിജ്ഞാപനം പുറപ്പെടുവിച്ചതിലെ എതിർപ്പ് ചർച്ച ചെയ്ത് പരിഹരിക്കേണ്ടതിനു പകരം വിവാദത്തിലേക്ക് പോയത് അനാവശ്യനടപടിയായിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ നവംബർ നാലിന് ചേർന്ന സെനറ്റ് യോഗം ചാൻസലർ വിജ്ഞാപനം പിൻവലിക്കണമെന്ന വീണ്ടും പ്രമേയം പാസാക്കിയത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ കോടതി, വിശദാംശങ്ങളിലേക്ക് കടന്നില്ല.
സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം ചെയ്താൽ സെർച് കം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ചാൻസലർ പുതിയ വിജ്ഞാപനമിറക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന് ശേഷം എത്രയും വേഗം വി.സിയെ നിയമിക്കണം. പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ സെനറ്റിന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെ.ടി.യു വി.സി: ഡോ. സിസയുടെ നിയമനം ശരിവെച്ചതിനെതിരെ സർക്കാർ അപ്പീൽ
കൊച്ചി: എ.പി.ജെ. അബ്ദുൽ കലാം ടെക്നിക്കൽ സർവകലാശാല (കേരള സാങ്കേതിക സർവകലാശാല -കെ.ടി.യു) താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിന്റെ നിയമനം ശരിവെച്ച ഹൈകോടതി ഉത്തരവിനെതിരെ സർക്കാറിന്റെ അപ്പീൽ.
സർക്കാർ നിർദേശിച്ചവരെ തഴഞ്ഞ് ചാൻസലർ സ്വമേധയാ വി.സി നിയമനം നടത്തിയത് ചോദ്യം ചെയ്യുന്ന ഹരജി യു.ജി.സി നിഷ്കർഷിച്ച യോഗ്യതകൾ ഡോ. സിസ തോമസിന് ഉണ്ടെന്ന് വിലയിരുത്തി തള്ളിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ. രണ്ടോ മൂന്നോ മാസത്തിനകം പുതിയ വൈസ് ചാൻസലറെ നിയമിക്കാനായിരുന്നു കോടതി നിർദേശം.
2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരം താൽക്കാലിക വി.സിമാരെ നിയമിക്കാൻ കഴിയില്ലെന്ന് ഹരജിയിൽ പറയുന്നു. വി.സി സ്ഥാനത്ത് തുടരാൻ സിസ തോമസിന് യു.ജി.സി നിയമപ്രകാരം വേണ്ട യോഗ്യതകളില്ല. 10 വർഷം പ്രഫസറായി പരിചയം വേണമെന്നാണ് ചട്ടം. സിസ ഒമ്പതര വർഷവും അഡ്മിനിസ്ട്രേറ്റിവ് തസ്തികയിൽ ജോലി ചെയ്തയാളും താരതമ്യേന ജൂനിയറുമാണെന്നും അപ്പീലിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.