ലഹരിക്കെതിരെ കേരളം ഉണരുന്നു
text_fieldsതിരുവനന്തപുരം : ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി വ്യാഴാഴ്ച കുട്ടികളുടെ ക്ലാസ് റൂം ഡിബേറ്റ്. എല്ലാ വിദ്യാലയങ്ങളിലും കോളജുകളിലും ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. വിദ്യാര്‍ഥികളുടെ ചര്‍ച്ചയും അധ്യാപകന്‍റെ ക്രോഡീകരണവും നടക്കും.
ആറ്, ആഴ് തീയതികളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പി.ടി.എ, എം.പി.ടി.എ, വികസനസമിതി നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് നടക്കുന്ന മനുഷ്യശൃംഖലയുടെ ആസൂത്രണവും ഈ യോഗത്തില്‍ നടക്കും.
എട്ട് മുതല്‍ 12 വരെ ക്ലബ്ബുകള്‍, ഹോസ്റ്റലുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിഷയത്തില്‍ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. വിവിധ മേഖലകളിലുള്ള പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പരിപാടികളില്‍ പ്രദര്‍ശിപ്പിക്കും.
ഒക്ടോബര്‍ ഒമ്പതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളും ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും.
പട്ടികജാതി-വര്‍ഗ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിലും ലഹരി വിരുധ പ്രചാരണം ഉള്‍പ്പെടുത്തും. രണ്ട് മുതല്‍ 14 വരെയാണ് പരിപാടി. പട്ടികജാതി-വര്‍ഗ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുധ ക്യാമ്പയിൻ പ്രൊമോട്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകമായി നടത്തും.
തെരുവുകളിൽ ലഹരിവിരുദ്ധ സദസ്
ഒക്ടോബര്‍ 14ന് ബസ് സ്റ്റാൻഡുകള്‍, ചന്തകള്‍, ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും. ഒക്ടോബര്‍ 16ന് വൈകീട്ട് നാലു മുതല്‍ ഏഴുവരെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രതാ സദസ് സംഘടിപ്പിക്കും.
എക്സൈസിന്‍റെയും പൊലീസിന്‍റെയും എൻഫോഴ്സ്മെന്‍റ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും.അതിഥി തൊഴിലാളികള്‍ക്കിടയിലും വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. എൻഫോഴ്സ്മെന്‍റ് പ്രവര്‍ത്തനവും ശക്തമാക്കും. ഒക്ടോബര്‍ 15 മുതല്‍ 22 വരെയാണ് ഈ ക്യാമ്പയിൻ.
തീരദേശ മേഖലയിലും പ്രത്യേകമായ പ്രചാരണം വിവിധ സംഘടനകളുടെയും ഫിഷറിസ് വകുപ്പിന്‍റെയും കോസ്റ്റല്‍ പൊലീസിന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കും. ഒക്ടോബര്‍ 16 മുതല്‍ 24 വരെ.
എല്ലാ വീടുകളിലും ലഹരി വിരുദ്ധ ദീപം
ഒക്ടോബര്‍ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 22ന് എം.പിമാരുടെയും എം.എല്‍എമാരുടെയും നേതൃത്വത്തില്‍ ദീപം തെളിക്കല്‍ നടക്കും. ഒക്ടോബര്‍ 23,24 തീയതികളില്‍ ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തില്‍ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയിക്കും. വ്യാപാരികളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25ന് വ്യാപാര സ്ഥാപനങ്ങളിലും പരിപാടി സംഘടിപ്പിക്കും.
ഒക്ടോബര്‍ 28ന് എൻ.സി.സി, എൻ.എസ്.എസ്. എസ്.പി.സി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കും. സൈലിബ്രൈറ്റികള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടവും, ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കായിക മത്സരങ്ങളും നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിള്‍ റാലി സംഘടിപ്പിക്കും. എൻഎസ്എസിന്‍റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിപുലമായ ക്വിസ് മത്സര നടത്തുന്നുണ്ട്.
നവംബര്‍ ഒന്നിനാണ് ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ആദ്യഘട്ടം അവസാനിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വൈകിട്ട് മൂന്നുമണിക്ക് പൊതുജനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിക്കും. പ്രതിജ്ഞ ചൊല്ലലും ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചുമൂടലും പരിപാടിയുടെ ഭാഗമായി നടക്കും. സ്കൂളുകള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്രത്തിലാകും പരിപാടി. ജനപ്രതിനിധികള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ ഓരോ കേന്ദ്രത്തിലും പങ്കെടുക്കും. പദ്ധതിയുടെ പ്രചാരണാര്‍ഥം ഒക്ടോബര്‍ 30, 31 തീയതികളില്‍ വ്യാപകമായ വിളംബരജാഥകള്‍ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.