മുല്ലപ്പെരിയാറിൽ റൂള്‍ കര്‍വ് പുന:പരിശോധിക്കണമെന്ന് കേരളം; ശാശ്വത പരിഹാരം പുതിയ അണക്കെട്ട്
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ആവശ്യമുന്നയിച്ചത്. പുതിയ അണക്കെട്ടാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമെന്നും കേരളം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കേരളത്തോട് വിശദമായ മറുപടി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. നിലവിലെ റൂള്‍കര്‍വ് അംഗീകരിക്കാനാവില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളിൽ സംസ്ഥാനത്തെ മഴയുടെ സ്വഭാവം വലിയ തോതില്‍ മാറി. അത് മുല്ലപ്പെരിയാറിനെയും ബാധിക്കുന്നു.
അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ ഏതാനും ദിവസത്തെ മഴ മതിയെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥയിലെയും മഴയിലെയും ഈ മാറ്റങ്ങള്‍ പരിഗണിച്ചുവേണം റൂള്‍കര്‍വ് നിശ്ചയിക്കാനെന്നുമാണ് കേരളത്തിന്‍റെ ആവശ്യം.
എന്താണ് റൂൾ കർവ്?
കാലാവസ്ഥയും ഡാമിലേക്കുള്ള നീരൊഴുക്കിന്‍റെ കണക്കും ഉപയോഗിച്ച് ജലനിരപ്പിന് സമയബന്ധിതമായ ഒരു പരിധി നിശ്ചിക്കാറുണ്ട്. ഇതിനെയാണ് റൂൾ ക൪വ് എന്ന് പറയുന്നത്. ഡാമിലെ ഉയ൪ന്ന ജലനിരപ്പിന്‍റെ പരിധിയാണ് അപ്പർ റൂൾ കർവ്. ഇത് കാലാവസ്ഥയും മുൻകാല നീരൊഴുക്കും നോക്കിയാണ് നിശ്ചയിക്കുക. ഓരോ മാസവും വ്യത്യസ്ത റൂൾ ലെവലുകളാണ് ഡാമുകൾക്കുണ്ടാകുക. അതായത് ജൂൺ മാസത്തിൽ ഡാം തുറക്കേണ്ടുന്ന നിശ്ചിത ജലനിരപ്പ് ആയിരിക്കില്ല ഒക്ടോബറിൽ ഡാം തുറക്കുന്ന ജലനിരപ്പ്.
കേരളത്തിൽ പൊതുവെ കനത്ത മഴ ലഭിക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ റൂൾ ലെവൽ ഒക്ടോബ൪, നവംബ൪ മാസങ്ങളെ അപേക്ഷിച്ച് താഴ്ന്ന ലെവലിലായിരിക്കും. അതിനുകാരണം മഴക്കാലമല്ലാത്ത സീസണുകളിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടാകാനിടയില്ലാത്തതിനാൽ ഡാമിന് മു൯കൂറായി കൂടുതൽ ജലംശേഖരിക്കാനുള്ള സ്ഥലം ആവശ്യമുണ്ടായേക്കില്ല എന്നതാണ്. എന്നാൽ താരതമ്യേന ഉയ൪ന്ന മഴലഭിക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ നീരൊഴുക്ക് കൂടുതൽ ഉണ്ടാകുമെന്നതിനാൽ കൂടുതൽ സ്റ്റോറേജ് സ്പേസ് ആവശ്യമായി വരുന്നതിനാൽ മറ്റുമാസങ്ങളെ അപേക്ഷിച്ച് ഇത്തരം മാസങ്ങളിൽ ഡാം നേരത്തെ തുറക്കും. ഇതേ റൂൾ ലെവൽ ഉപയോഗിച്ചാണ് ഡാമിൽ ബ്ലൂ, ഓറഞ്ച്, റെഡ് അലേ൪ട്ടുകൾ പ്രഖ്യാപിക്കുന്നത്. റൂൾ ലെവലിന്‍റെ എട്ട് അടി താഴെ വെള്ളമെത്തുമ്പോൾ ബ്ലൂ അലേ൪ട്ടും, രണ്ട് അടി താഴെ എത്തുമ്പോൾ ഓറഞ്ച് അലേ൪ട്ടും, ഒരടി താഴെ എത്തുമ്പോൾ റെഡ് അലേ൪ട്ടും പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.