കേരളത്തിന് ബോധ്യമുണ്ടായിരുന്നു; ഇക്കൊല്ലം കേന്ദ്രവിഹിതം കുറയുമെന്ന്
text_fieldsതിരുവനന്തപുരം: നടപ്പ് സാമ്പത്തികവർഷം കേന്ദ്രവിഹിതം കുറയുമെന്ന് സംസ്ഥാന സർക്കാറിന് നേരേത്തതന്നെ കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഈ കുറവ് മറികടക്കാൻ ലക്ഷ്യമിട്ടാണ് ബജറ്റിൽ 3000 രൂപയുടെ അധിക വരുമാന നിർദേശങ്ങൾ കൊണ്ടുവന്നത്. 57,400 കോടി രൂപ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സർക്കാർ അവകാശവാദം. ജി.എസ്.ടി നഷ്ടപരിഹാരം നീട്ടണമെന്നും കടപരിധി ഉയർത്തണമെന്നും സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രം അനുവദിക്കാൻ തയാറായില്ല. കഴിഞ്ഞ വർഷം ലഭിച്ച തുകയിൽ ഇക്കുറി കാര്യമായ കുറവ് വരുമെങ്കിലും അത് അപ്രതീക്ഷിതമായിരുന്നില്ല.
നഷ്ടപരിഹാരം അഞ്ചുവർഷം വരെ (2022 ജൂൺ) ആണെന്ന് ജി.എസ്.ടി നിയമത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം തുടരണമെന്ന ആവശ്യത്തോട് കേന്ദ്രം മുഖംതിരിച്ചു. ജി.എസ്.ടി കൗൺസിലിലും തീരുമാനം ഉണ്ടായില്ല. റവന്യൂ കമ്മി ഗ്രാന്റ് ഇക്കൊല്ലം 4749 കോടിയായിരിക്കുമെന്ന് 2020 ഒക്ടോബറിൽ തീരുമാനിച്ചിരുന്നു. മൂന്നുവർഷത്തേക്ക് 37,814 കോടി രൂപയാണ് കേരളത്തിന് റവന്യൂ കമ്മി ഗ്രാന്റ് അനുവദിച്ചത്. 21-22ൽ 19,891 കോടിയും 22-23ൽ 13,174 കോടിയും 23-24ൽ 4749 കോടിയുമാണ് കമീഷൻ ശിപാർശ ചെയ്തത്. റവന്യൂ കമ്മി ഗ്രാന്റ് പ്രതീക്ഷക്ക് അപ്പുറമായിരുന്നു. 23-24ൽ 4749 കോടിയിലധികം നൽകണമെന്ന് ധനകമീഷൻ പറഞ്ഞിരുന്നില്ല. അടുത്ത വർഷത്തേക്കും ഇത് കൊടുക്കാൻ ശിപാർശ ചെയ്തിട്ടില്ല. ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ അവസാന ഗഡു ലഭിക്കുകയും ചെയ്തു.
കേന്ദ്രനികുതിയുടെ 3.87 ശതമാനം വരെ കേരളത്തിന് ലഭിച്ചിരുന്നത് 2.8 ആയും പിന്നീട് 1.9 ശതമാനമായും കുറഞ്ഞു. അനേക വർഷമായി വന്ന കുറവാണിത്. പഴയ രീതിയിലാണെങ്കിൽ 18,000 കോടിയോളം അധികം ലഭിക്കുമായിരുന്നു. അതേസമയം കഴിഞ്ഞതവണ റവന്യൂ കമ്മി ഗ്രാന്റായി നല്ല തുക കിട്ടിയത് നേട്ടമായി. കടമെടുക്കാനുള്ള പരിധി കുറഞ്ഞതാണ് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്. 21-22ൽ ജി.എസ്.ഡി.പിയുടെ നാലുശതമാനവും 22-23ൽ മൂന്നര ശതമാനവും 23-24 മുതൽ 25-26 വരെ മൂന്നുശതമാനവുമാണ് അനുമതി. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.
കടപരിധി ഉയർത്തണമെന്നാണ് സംസ്ഥാന ആവശ്യം. 23-24ൽ കേരളത്തിന് 55,182 കോടിയാണ് കടമെടുക്കാൻ അനുമതി. ജി.എസ്.ഡി.പിയുടെ മൂന്നുശതമാനമായ 32,442 കോടിയും റീപ്ലെയ്സ്മെന്റ് ഗാരന്റിയായി 20,945 കോടിയും പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതുമൂലം വന്ന അധിക ബാധ്യതയുടെ നഷ്ടപരിഹാരമായി 1755 കോടിയും ഉൾപ്പെട്ടതാണിത്. കിഫ്ബിയുടെ കടം സർക്കാറിന്റെ കണക്കിൽ വന്നതോടെയാണ് എടുക്കാവുന്ന കടത്തിൽ കുറവ് വന്നത്. 3,140.70 കോടി വീതം നാലുവർഷമായാണ് കടപരിധിയിൽ കുറച്ചുകൊണ്ടിരിക്കുന്നത്. കിഫ്ബി വായ്പകൾ കടപരിധിയിൽ ഉൾപ്പെടുത്താൻ പാടില്ലെന്ന ശക്തമായ നിലപാടാണ് സംസ്ഥാനത്തിന്. സി.എ.ജി റിപ്പോർട്ടാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാണിച്ചത്. ഈ വിഷയത്തിലടക്കം നിയമനടപടിയിലേക്ക് നീങ്ങാൻ തയാറെടുക്കുകയാണ് കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.