വാട്ടർ അതോറിറ്റിക്ക് പുതിയ മൂന്ന് ഡിവിഷനുകൾ കൂടി
text_fieldsതിരുവനന്തപുരം: സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ മൂന്ന് പുതിയ ഡിവിഷനുകൾ കൂടി നിലവിൽ വന്നു. ആലപ്പുഴ സർക്കിളിന് കീഴിൽ പബ്ലിക് ഹെൽത്ത് ഡിവിഷൻ കായംകുളം, കണ്ണൂർ സർക്കിളിന് കീഴിൽ പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട്, കോട്ടയം സർക്കിളിന് കീഴിൽ പ്രോജക്ട് ഡിവിഷൻ മീനച്ചൽ-മലങ്കര എന്നിവയാണ് പുതുതായി നിലവിൽ വന്ന ഡിവിഷനുകൾ. എക്സിക്യൂട്ടിവ് എൻജിനീയർ മേലധികാരിയായ ഡിവിഷനുകളിൽ ജീവനക്കാരെ പുനർവിന്യാസം വഴിയാണ് നിയമിച്ചത്. കായംകുളം ആസ്ഥാനമായ കായംകുളം പി.എച്ച് ഡിവിഷന്റെ പരിധിയിൽ പി.എച്ച് സബ് ഡിവിഷൻ എടത്വ, വാട്ടർ സപ്ലൈ പ്രോജക്ട് സബ് ഡിവിഷൻ ഹരിപ്പാട്, വാട്ടർ സപ്ലൈ പ്രോജക്ട് സബ് ഡിവിഷൻ മാവേലിക്കര എന്നീ ഓഫിസുകളെ ഉൾപ്പെടുത്തി.
പ്രോജക്ട് ഡിവിഷനുകൾ നിലവില്ലാതിരുന്ന കാസർകോട് ജില്ലയിൽ വാട്ടർ അതോറിറ്റിയുടെ ആദ്യ പ്രോജക്ട് ഡിവിഷനാണ് കാഞ്ഞങ്ങാട്ട് നിലവിൽ വരുന്നത്. 1744.66 കോടി രൂപയുടെ ജലജീവൻ മിഷൻ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ച ജില്ലയിൽ പദ്ധതിനിർമാണങ്ങൾക്ക് കൂടുതൽ കാര്യക്ഷമത ലഭിക്കാനാണ് പുതിയ പ്രോജക്ട് ഡിവിഷൻ അനുവദിച്ചത്.
മലങ്കര ഡാമിനെ ആധാരമാക്കി 1243 കോടി രൂപയുടെ ജലജീവൻ മിഷൻ പദ്ധതി നിർമാണമാണുള്ളത്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ വാട്ടർ അതോറിറ്റിയുടെ പദ്ധതി നിർവഹണച്ചുമതലയും പുതിയ ഡിവിഷനുണ്ടായിരിക്കും. ആകെ ഡിവിഷനുകളുടെ എണ്ണം 48 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.