ഒമ്പത് മാസമായി പെൻഷനില്ല; അന്നത്തിന് വകയില്ലാതെ എച്ച്.ഐ.വി ബാധിതർ
text_fieldsതിരുവനന്തപുരം: ക്ഷേമ പെൻഷനിൽ അനർഹർ കൈയിട്ട് വാരുന്ന വിവരങ്ങൾ പുറത്തുവരുമ്പോഴും, സമൂഹത്തിൽ ഏറ്റവും പരിഗണന തേടുന്ന എച്ച്.ഐ.വി ബാധിതർക്ക് പെൻഷൻ നൽകാൻ സർക്കാറിന് പണമില്ല.
കേരളത്തിൽ എച്ച്.ഐ.വി ബാധിതർ കഴിഞ്ഞ ഒമ്പത് മാസ ത്തോളമായി പെൻഷൻ കിട്ടാതെ ദുരിതത്തിലാണ്. രോഗ നിയന്ത്രണവും എച്ച്.ഐ.വി ബാധിതരുടെ ക്ഷേമവും ലക്ഷ്യമിട്ട് ‘ലോക എയ്ഡ്സ് ദിനം’ ഇന്ന് വിപുലമായി ആചരിക്കുമ്പോഴാണ് നിത്യവൃത്തിക്ക് വകയില്ലാതെ ഇവർ ജീവിതം മുന്നോട്ടുനീക്കുന്നത്.
10,458 പേരാണ് എച്ച്.ഐ.വി ബാധിതരുടെ പട്ടികയിൽ പെൻഷന് അർഹരായി ഇപ്പോൾ സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഒമ്പത് മാസത്തോളമായി ഏതാണ്ട് 9.64 കോടിയോളം രൂപ പെൻഷൻ ഇനത്തിൽ വിതരണം ചെയ്യാനുണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. 420 രൂപ പെൻഷനും 120 രൂപ യാത്രബത്തയും എന്ന രീതിയിൽ 2012ൽ ആരംഭിച്ച പദ്ധതി പ്രകാരം ഇപ്പോൾ പ്രതിമാസം 1000 രൂപയാണ് ഒരു വ്യക്തിക്ക് പെൻഷനായി നൽകുന്നത്.
രോഗപ്രതിരോധശേഷി ദിനംപ്രതി കുറഞ്ഞുവരുന്ന എച്ച്.ഐ.വി ബാധിതരെ സംബന്ധിച്ചിടത്തോളം പ്രതിരോധശേഷി കൂട്ടാനുള്ള മരുന്നും ഭക്ഷണവും നിർബന്ധമാണ്. സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്ന ഇവരിൽ പലർക്കും അതിന് സാധിക്കുന്നില്ല. പെൻഷൻ കൂടി കിട്ടാതായതോടെ നിത്യചെലവുകൾക്ക് പോലും സാധിക്കാത്ത അവസ്ഥയാണ്. പുറത്തിറങ്ങി സഹായംതേടാനുള്ള സ്ഥിതിയും ഇവർക്കില്ല. ഇതേസാഹചര്യം 2021-22 വർഷങ്ങളിലും സംഭവിച്ചു.
അന്ന് 12.11 കോടിയായിരുന്നു കുടിശ്ശിക. നിയമസഭയിലടക്കം വിഷയം ഉന്നയിക്കപ്പെട്ടതോടെ സർക്കാർ ഇടപെടലിൽ കുടിശ്ശിക വിതരണം ചെയ്തു. കൂടാതെ എച്ച്.ഐ.വി ബാധിതർക്കുള്ള പെൻഷനിൽ മുടക്കമുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുംനൽകി. എന്നാൽ ആ വാക്ക് പാഴായി. ഒമ്പത് മാസമായി പെൻഷനിൽ പ്രതീക്ഷ നട്ട് ഇവർ ദിവസങ്ങൾ തള്ളുകയാണ്. കൈത്താങ്ങ് വേണ്ട ഇവരിലേക്ക് സർക്കാർ അടിയന്തരമായി കണ്ണ് തുറക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.