അഞ്ചുവർഷംകൊണ്ട് കേരളത്തെ അതിദാരിദ്ര്യമില്ലാത്ത ജനസമൂഹമാക്കി മാറ്റും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
text_fieldsതിരുവനന്തപുരം: അഞ്ചുവർഷം കൊണ്ട് കേരളത്തെ അതിദരിദ്രരില്ലാത്തതും ഗുണനിലവാരമുള്ള ജീവിതം നയിക്കുന്നതുമായ ജനസമൂഹമാക്കി മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന, എക്സെെസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സര്‍വേയുടെ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മ്മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതിദരിദ്രരെ കണ്ടെത്തുകയും അവർക്കാവശ്യമായ സൂക്ഷ്മതല പരിഹാരമാർഗങ്ങൾ ഉൾപ്പെടെ കണ്ടെത്തിയുമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം സാധ്യമാവുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെെവശമുള്ള ദരിദ്രരുടെ പട്ടികയിൽ പെട്ടവരും ഉൾപ്പെടാത്തവരും, ഒരു പട്ടികയിലും പെടാത്തവരും, ആരോടും ഒരാവശ്യവും ഉന്നയിക്കാൻ ശേഷിയില്ലാത്തവരുമായവരെ അതിദാരിദ്ര്യ നിർമാർജ്ജന പ്രസ്ഥാനത്തിൻ്റെ ഭാഗമായി കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ അതിദരിദ്രരായ മനുഷ്യരുടെ അതിജീവന പദ്ധതി തയ്യാറാക്കുന്ന പ്രക്രിയയുടെ ഭാഗമാകുന്ന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കാണ് കിലയുടെ നേതൃത്വത്തിൽ അതിവിപുലമായ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
അഞ്ചുവർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് അതിദാരിദ്ര്യ മനുഭവിക്കുന്നവരെ കണ്ടെത്താനുള്ള സർവ്വെ ആരംഭിക്കുന്നത്. ഇതിനായി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, നോഡൽ ഓഫീസർ വി എസ് സന്തോഷ് കുമാർ, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ, നഗരകാര്യ ഡയറക്ടർ ഡോ. രേണു രാജ്, ഗ്രാമവികസന കമ്മീഷണർ വി ആർ വിനോദ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ, തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.