കടം വാങ്ങി കേരളത്തെ വികസിപ്പിക്കും; എ.ജി രാഷ്ട്രീയം കളിക്കുകയാണെന്ന് ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: കേരളത്തിന്‍റെ വികസനം തടയാനും തുരങ്കംവെക്കാനും ബി.ജെ.പിയും യു.ഡി.എഫും ശ്രമിച്ചാലും കടം വാങ്ങി കേരളത്തെ വികസിപ്പിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കേരളത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനക്കെതിരെ എൽ.ഡി.എഫ് രാജ്ഭവന് മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറിന്റെ അധികാരം ഉപയോഗിച്ച് സംസ്ഥാന വികസനം തടയാൻ ബി.ജെ.പി ശ്രമിക്കുകയാണ്. അർഹമായ സാമ്പത്തിക സഹായം ലഭിക്കുന്നില്ല. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു. എന്നാൽ, കടംവാങ്ങി വികസനം സാധ്യമാക്കുകയും അതുവഴി ബാധ്യത വീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട എ.ജിക്ക് വാർത്തസമ്മേളനം നടത്താൻ എന്തു അവകാശമാണുള്ളത്. എ.ജി തെറ്റായ വിലയിരുത്തലാണ് നടത്തിയത്. എ.ജിക്ക് രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. കേരളത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ പാർലമെന്റിൽ യു.ഡി.എഫ് എം.പിമാർ സംസാരിക്കാനോ നിവേദനത്തിൽ ഒപ്പിടാനോ തയാറായില്ല. സാമ്പത്തികസഹായം കേന്ദ്രം വെട്ടിച്ചുരുക്കുന്നു. സംസ്ഥാനത്തെ പിന്നാക്കാവസ്ഥ കേന്ദ്രം പരിഹരിക്കണം.
കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായാണ് ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത്. കോവിഡ്, പ്രളയ സമയത്ത് സർക്കാർ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് തടസ്സം നിന്നു. നാടിന്റെ വികസനത്തിൽ യു.ഡി.എഫിന് ഒരു പങ്കുമില്ല. സർക്കാർ കെ- റെയിൽ കൊണ്ടുവരാൻ പദ്ധതിയിട്ടതിനാലാണ് രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചത്. ഏറ്റവും മികച്ച യാത്രാ സൗകര്യമാണ് അതിലെന്ന് ജയരാജൻ പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി വി. ജോയി എം.എൽ.എ അധ്യക്ഷതവഹിച്ചു. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ, തോമസ് കെ. തോമസ്, വി. ശശി, വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ഒ.എസ്. അംബിക, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സ്റ്റീഫൻ ജോർജ്, നീലലോഹിതദാസ്, കാസിം ഇരിക്കൂർ, ബിനോയ് ജോസഫ്, പൂജപ്പുര രാധാകൃഷ്ണൻ, ശശികുമാർ ചെറുകോൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.