3500 കോടി രൂപ കേരളം ഇന്ന് കടമെടുക്കും; ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ 800 കോടി വേണം
text_fieldsതിരുവനന്തപുരം: ഇൗ മാസം വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാനും ഒരു മാസത്തെ ക്ഷേമപെൻഷൻ നൽകാനും സർക്കാരിന് ഇന്ന് 3,500 കോടി രൂപ ലഭിക്കും. റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണ് സമാഹരണം. ക്ഷേമ പെൻഷൻ വിതരണം നാളെ തുടങ്ങാൻ 800 കോടിയോളം രൂപ ആവശ്യമാണ്. ഇൗ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യം നൽകാൻ വേണ്ടത്. ഇതിനായി അടുത്ത മാസം ആദ്യം വീണ്ടും സർക്കാർ കടമെടുക്കും.
സെക്രട്ടേറിയറ്റിൽ മാത്രം അഞ്ച് സ്പെഷൽ സെക്രട്ടറിമാരടക്കം 150 പേരാണു വിരമിക്കുന്നത്. വിരമിക്കുന്നവരിൽ നല്ലൊരു പങ്കും ആനുകൂല്യങ്ങൾ ട്രഷറിയിൽ തന്നെ നിക്ഷേപിക്കുന്നുണ്ട്. അതിനാൽ, ഫലത്തിൽ സർക്കാരിനു 7,500 കോടിയുടെ ബാധ്യത ഒറ്റയടിക്കു വരുന്നില്ല.
സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ 3000 കോടി വായ്പയെടുക്കാനാണ് കേന്ദ്രം മുൻകൂർ അനുമതി നൽകിയത്. ഇതടക്കം 21,253 കോടിയുടെ രൂപയുടെ കടമെടുപ്പിനാണ് ഇതുവരെ അനുമതി ലഭിച്ചത്. ഈ കടമെടുപ്പ് പ്രതീക്ഷിച്ചാണ് ബജറ്റടക്കം തയാറാക്കിയത്.
ഏപ്രിൽ മുതൽ ഡിസംബർ വരെയും ജനുവരി മുതൽ മാർച്ച് വരെയും രണ്ട് ഘട്ടമായാണ് സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ കേന്ദ്രം പ്രത്യേകാനുമതി നൽകുന്നത്. ഈ അനുമതി ലഭിച്ചാലേ റിസര്‍വ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.