കേരളം ഒരു കോടി വാക്‌സിൻ വാങ്ങും; ലോക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭ തീരുമാനം
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ മന്ത്രിസഭ തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാനാണ് മന്ത്രിസഭ യോഗം അനുമതി നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച സാഹചര്യത്തിലാണിത്. ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. അതില്‍ നിന്ന് മാറിചിന്തിക്കേണ്ടതില്ല എന്ന് മന്ത്രിസഭ വിലയിരുത്തി.
സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമേ ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്ന സംസ്ഥാനത്തിന്‍റെ തീരുമാനം കേന്ദ്രത്തെ അറിയിക്കും.
വാക്‌സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയിട്ടുണ്ട്. മേയിൽ തന്നെ കോവാക്‌സിെന്‍റ ആദ്യഘട്ടം സംസ്ഥാനത്തെത്തും. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലായി പത്തു ലക്ഷം വീതമാണ് കോവാക്‌സിൻ എത്തുക. അതേസമയം, കോവിഷീൽഡിനു വേണ്ടി സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച പുരോഗമിക്കുകയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വാക്‌സിൻ വിലയുമായി ബന്ധപ്പെട്ട കേസിൽ അന്തിമതീരുമാനമായ ശേഷമേ സിറമുമായുള്ള കരാറിൽ ധാരണയാകൂ. അതേസമയം, ലോക്ഡൗൺ ജനജീവിതത്തെ ബാധിക്കുമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. ഇതിനാൽ, പ്രാദേശികതല നിയന്ത്രണങ്ങൾ കർശനമായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.