കേന്ദ്ര അവഗണനയെ കേരളം മറികടക്കും- എം.വി. ഗോവിന്ദൻ
text_fieldsകണ്ണൂർ: കേന്ദ്രസർക്കാർ തുടരുന്ന അവഗണനയെ മറികടക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ കണ്ണൂർ ആർ.എം.എസ് ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് കേന്ദ്രം തടഞ്ഞു വെക്കുന്നത്. കേന്ദ്രത്തോട് ചോദിക്കുന്നത് ഓശാരം അല്ല. കേരളത്തിന്റെ അവകാശമാണ് ചോദിക്കുന്നത്. ഇതിനെ നേരിടാൻ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി കേരളം നേടണം. ഇതാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇന്ത്യ രാജ്യത്തിന്റെ ഭാഗമാണോ എന്ന ചോദ്യമാണ് കേരളീയർ ഉന്നയിക്കുന്നത്. കേരളത്തിലെ ഓരോ മലയാളിയും ഈ ചോദ്യം ചോദിക്കുന്ന അവസ്ഥയിലേക്ക് വന്നു ചേർന്നത് കേന്ദ്രത്തിന്റെ രാഷ്ട്രീയം മൂലമാണെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വികസനത്തിന് തുരങ്കംവെക്കുന്ന നിലപാട് യു.ഡി.എഫും ബി.ജെ.പിയും ഉപേക്ഷിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ.തലശേരി ടെലിഫോൺ ഭവന് മുന്നിൽ എൽ.ഡി.എഫ് സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം പുരോഗതി പ്രാപിച്ചാൽ മൂന്നാംവതണയും എൽ.ഡി.എഫ് വരുമെന്ന ഭയമാണവർക്ക്.
കേരളം വികസിക്കരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് കേന്ദ്ര അഗവണനക്കെതിരായ നിലപാട് യു.ഡി.എഫ് സ്വീകരിക്കാതിരിക്കുന്നത്. കേന്ദ്ര അവഗണനക്കെതിരെ യു.ഡി.എഫ് എം.പിമാർ നിശബ്ദത പാലിക്കുന്നതിന് പിന്നിലും ഈ രാഷ്‌ട്രീയമാണെന്നും ഇ.പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.