‘ലെവൽ ക്രോസ് ഇല്ലാത്ത കേരളം’; പദ്ധതി ട്രാക്കിൽ; പക്ഷേ വേഗം പോരാ
text_fieldsമലപ്പുറം: സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ പൂര്‍ണമായി ഒഴിവാക്കുന്ന കേരള സർക്കാറിന്റെ ‘സ്വപ്ന’ പദ്ധതി പുരോഗമിക്കുന്നെങ്കിലും പലയിടത്തും നടപടി ഇഴയുന്നു. ലെവൽ ക്രോസുകളിൽ രൂക്ഷമായ ഗതാഗത തടസ്സം അനുഭവിക്കുന്ന മേഖലകളിൽ സർക്കാർ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ, പദ്ധതി നേരത്തേ ട്രാക്കിലായെങ്കിലും നടപടികൾക്ക് വേണ്ടത്ര വേഗം പോരായെന്നാണ് ആക്ഷേപം.
പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭൂരിഭാഗം ലെവൽ ക്രോസുകളും നടപടികളിൽ തട്ടിത്തടഞ്ഞ് ‘പിടിച്ചിട്ടിരിക്കുകയാണ്’. ‘ലെവൽ ക്രോസ് ഇല്ലാത്ത കേരളം’ പദ്ധതിയിൽ 97 റെയിൽവേ മേൽപാലങ്ങൾ നിർമിക്കാനാണ് സർക്കാർ തീരുമാനം. ഇതിൽ 70 മേൽപാലങ്ങളുടെ നിർമാണ ചുമതല റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് കേരളക്കാണ് (ആർ.ബി.ഡി.സി.കെ). 27 എണ്ണത്തിന്റെ നിർമാണചുമതല കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനും (കെ.ആർ.ഡി.സി.എൽ) നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒമ്പത് റെയില്‍വേ മേൽപാലങ്ങൾ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രഖ്യാപനത്തിന്റെ വേഗം നടപടികൾക്കുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് നിലവിൽ അഞ്ച് മേൽപാലങ്ങൾ ഗതാഗതത്തിന് തുറന്നുനൽകിയിട്ടുണ്ടെന്നാണ് സർക്കാർ മറുപടി നൽകിയത്. ഗുരുവായൂർ, കാഞ്ഞങ്ങാട്, ഫറോക്ക്, കാരിത്താസ്, തിരൂർ എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തിയായത്. എട്ട് പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്നും മൂന്ന് പാലങ്ങളുടെ ടെൻഡർ നടപടി നടക്കുകയാണെന്നും സർക്കാർ പറയുന്നു. രണ്ട് മേൽപാലങ്ങൾ കിഫ്ബിയുടെ പുതുക്കിയ സാമ്പത്തിക അനുമതിക്ക് സമർപ്പിച്ചതായും 19 എണ്ണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണെന്നുമാണ് സർക്കാറിൽനിന്ന് ലഭ്യമായ വിവരം. 17 മേൽപാലങ്ങൾ റെയിൽവേ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും എട്ടെണ്ണം ഡി.പി.ആർ തയാറാക്കുന്നതായും നാലെണ്ണത്തിന്റെ അലൈൻമെന്റിൽ തീരുമാനം ആകാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സർക്കാർ മറുപടി നൽകുന്നു.
റെയിൽവേയുടെ എറണാകുളം-ഷൊർണൂർ തേർഡ് ലൈനിന്റെയും ഷൊർണൂർ-മംഗലാപുരം തേർഡ് ആൻഡ് ഫോർത്ത് ലൈനിന്റെയും ഷൊർണൂർ-കോയമ്പത്തൂർ തേർഡ് ലൈനിന്റെയും അലൈൻമെന്റിൽ അന്തിമ തീരുമാനമായിട്ടില്ല. സ്ഥലമേറ്റെടുക്കലും റെയിൽവേയുമായുള്ള നിയമപ്രശ്നങ്ങളുമെല്ലാം ചിലയിടത്ത് പദ്ധതി വൈകിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.