തലസ്ഥാനത്ത് പൊലീസിന്‍െറ സദാചാരഗുണ്ടായിസം- VIDEO
text_fieldsതിരുവനന്തപുരം: സദാചാരഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ഡി.ജി.പിയുടെ നിര്‍ദേശം നിലനില്‍ക്കെ തലസ്ഥാനത്ത് പൊലീസിന്‍െറ സദാചാരഗുണ്ടായിസമെന്ന് ആക്ഷേപം. ചൊവ്വാഴ്ച ഉച്ചക്ക് 12ന് കനകക്കുന്ന് കൊട്ടാരം വളപ്പില്‍ തോളില്‍ കൈയിട്ടിരുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുക്കാനത്തെിയ പിങ്ക് പൊലീസിന്‍െറ നടപടിയാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. പൊലീസിന്‍െറ ചോദ്യംചെയ്യല്‍ യുവാവ് ഫേസ്ബുക്കില്‍ ലൈവായി കാണിച്ചതോടെ പൊലീസ് വലഞ്ഞു.
രണ്ട് വനിതപൊലീസുകാര്‍ യുവാവിനോടും യുവതിയോടും വിവാഹം കഴിച്ചതാണോ എന്ന് ചോദിക്കുകയും അല്ളെങ്കില്‍ സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്രെ. ചോദ്യംചെയ്യല്‍ പരിധിവിട്ടതോടെ ഇവര്‍ ഫേസ്ബുക്ക് ലൈവാക്കി ‘ചോദ്യം ചെയ്യല്‍’ തത്സമയം പ്രചരിപ്പിക്കുകയായിരുന്നു. എന്ത് വകുപ്പിനാണ് തങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്ന് യുവാവും യുവതിയും ചോദിച്ചെങ്കിലും പൊലീസ് കൃത്യമായ ഉത്തരം നല്‍കിയില്ല. തുടര്‍ന്ന് കൂടുതല്‍ പൊലീസത്തെി ഇവരെ മ്യൂസിയം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയക്കുകയുമായിരുന്നു. ഇരുവരെയും അവിടെ കണ്ട സാഹചര്യത്തില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവരങ്ങള്‍ ധരിപ്പിച്ച് വിട്ടയക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം, തങ്ങളെ അനാശാസ്യക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.