കേരളപ്പിറവി അറബിക്കടലിൽ ആഘോഷിക്കാം; ബജറ്റ് പാക്കേജുമായി കെ.എസ്.ആര്.ടി.സി
text_fieldsകൊല്ലം: കേരളപ്പിറവി അറബിക്കടലില്‍ ആഘോഷിക്കാന്‍ അവസരം ഒരുക്കി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍. നവംബര്‍ ഒന്നിന് രാവിലെ 10ന് കൊല്ലം ബസ് സ്റ്റേഷനില്‍നിന്ന് എ.സി ലോ ഫ്ലോര്‍ ബസില്‍ മറൈന്‍ഡ്രൈവില്‍ എത്തി അവിടെനിന്ന് നെഫര്‍റ്റിറ്റി ക്രൂയിസ് കപ്പലില്‍ അഞ്ച് മണിക്കൂര്‍ അറബിക്കടലില്‍ ചെലവഴിക്കുന്ന യാത്രയാണ് ഒരുക്കിയിട്ടുള്ളത്. ബുഫൈ ഡിന്നര്‍, ഡി.ജെ മ്യൂസിക്, ഗെയിമുകള്‍ ഉള്‍പ്പെടുന്ന പാക്കേജില്‍ മുതിര്‍ന്നവര്‍ക്ക് 4240 രൂപയും കുട്ടികള്‍ക്ക് 1930 രൂപയുമാണ് ഈടാക്കുക. കൂടാതെ മറ്റ് ഉല്ലാസയാത്രകളും നവംബറില്‍ ഒരുക്കിയിട്ടുണ്ട്.
നവംബര്‍ മൂന്നിനും 17നും ചാര്‍ട്ട് ചെയ്ത പൊന്മുടിയാത്രക്ക് എല്ലാ പ്രവേശനഫീസുകളും അടക്കം 770 രൂപയാണ് നിരക്ക്. നവംബര്‍ ഒമ്പതിന് മൂന്നാര്‍, മെട്രോ വൈബ്സ് എന്നീ യാത്രകളാണ്. ഗ്യാപ് റോഡ്, കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന രണ്ടുദിവസത്തെ മൂന്നാര്യാത്രക്ക് 1730 രൂപയും ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, വാട്ടര്‍ മെട്രോ, റെയില്‍ മെട്രോ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയ മെട്രോവൈബ്സിന് 870 രൂപയുമാണ് നിരക്ക്. നവംബര്‍ 10ന്, റോസ് മല, വാഗമണ്‍, പത്തനംതിട്ടയിലെ ക്ഷേത്രങ്ങള്‍ എന്നിങ്ങനെ മൂന്ന് യാത്രകള്‍ തയാറാക്കിയിട്ടുണ്ട്. റോസ് മലയ്ക്ക് 770 രൂപയും വാഗമണിന് 1020 രൂപയുമാണ്. മണ്ണടിക്ഷേത്രം, കല്ലേലിക്ഷേത്രം, മലയാലപ്പുഴ, പെരുനാട്, കവിയൂര്‍ തിരുവല്ലഭ ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന പത്തനംതിട്ടയിലേക്കുള്ള പാക്കേജിന് 650 രൂപയാണ്.
നവംബര്‍ 15ന് വൈകീട്ട് ആറിന് മലബാര്‍ ട്രിപ് ചാര്‍ട്ട് ചെയ്തിട്ടുണ്ട്. മലബാറിലെ പ്രധാന ചരിത്രസ്മാരകങ്ങളും ഉല്ലാസകേന്ദ്രങ്ങളും ഉള്‍പ്പെടുന്ന ട്രിപ് ഞായറാഴ്ച രാത്രി മടങ്ങിയെത്തും. വൃശ്ചികം ഒന്നായ നവംബര്‍ 16ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, പന്തളം എന്നീ ശാസ്താക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തിയ തീർഥാടന യാത്രയുമുണ്ട്. 650 രൂപയാണ് നിരക്ക്. കൂടാതെ ഇല്ലിക്കല്‍കല്ല്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയും അന്നേദിവസമുണ്ട്. 820 രൂപയാണ് ചാര്‍ജ്. നവംബര്‍ 21, 27 ദിവസങ്ങളിലെ ഗവിയാത്രയില്‍ അടവി, പരുന്തുംപാറ സന്ദർശനവും ഉള്‍പ്പെടും. നിരക്ക് 1750 രൂപ. ഫോണ്‍: 9747969768, 9495440444.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.