ഒ.എൽ.എക്സിലെ വ്യാജന്മാരെ സൂക്ഷിക്കുക; പട്ടാള യൂനിഫോമിലും കബളിപ്പിക്കല്‍
text_fieldsഒ.എൽ.എക്സിലെ വ്യാജന്മാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ വിപണിയായ ഒ.എൽ.എക്സ് പോലുള്ള സൈറ്റുകളിൽ വാഹന, ഇലക്ട്രോണിക് ഉപകരണ വില്‍പനക്ക് പിന്നാലെ ഫര്‍ണിച്ചര്‍ വ്യാപാരവുമായി തട്ടിപ്പുകാര്‍ രംഗത്തുവന്നിട്ടുണ്ടെന്നും പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് അകൗണ്ടിലൂടെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ആളുകളെ വിശ്വസിപ്പിക്കുന്നതിന് പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർകാർഡും പാൻ കാർഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചുതരും. വീട്ടുപകരണങ്ങൾ പകുതിവിലയ്ക്ക് നൽകാം എന്ന പേരിലാണ് തട്ടിപ്പ്. മിലിറ്ററി കാന്‍റീൻ വഴി വിലക്കുറവിൽ ലഭിച്ചതാണെന്നും ട്രാൻസ്ഫർ ആയതിനാൽ ഇവ കൂടെ കൊണ്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് പകുതിവിലയ്ക്ക് നൽകുന്നതെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞു ഫലിപ്പിക്കുന്നത്.
തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങൾ വിൽപ്പനയ്‌ക്കെന്ന പരസ്യത്തിൽ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങൾ നൽകാതെ കബളിപ്പിക്കുന്നതും, കൊറിയർ ചാർജെന്ന പേരിലും അഡ്വാൻസ് തുകയായും പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പിന്‍റെ രീതി. ഫോണിലൂടെ ഇടപാട് ഉറപ്പിക്കുകയും പണം അയച്ചു കഴിഞ്ഞാൽ ആ ഫോൺ ഓഫ് ചയ്തു മുങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
വിലക്കുറവെന്ന പ്രലോഭനങ്ങളും മികച്ച അവസരമാണെന്ന വാഗ്ദാനങ്ങളും കേട്ട് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.