കോവിഡ് പ്രതിരോധം: കേരളം ഈ മൂന്ന് കാര്യങ്ങളിൽ പിന്നിലെന്ന് കേന്ദ്രസംഘം
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ തുടക്കത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരളം നിലവിൽ മൂന്ന് കാര്യങ്ങളിൽ പിന്നിലാണെന്ന് എൻ.സി.ഡി.സി (നാഷനൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ) ഡയറക്ടർ ഡോ. സുജീത് കുമാർ സിങ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കഴിഞ്ഞയാഴ്ച കേരളം സന്ദർശിച്ച കേന്ദ്രസംഘത്തിന്‍റെ തലവനായിരുന്നു ഡോ. സിങ്.
കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ ഇപ്പോൾ പാളിച്ചകളുണ്ടെന്നും സർക്കാറിന്‍റെ പ്രവർത്തനം അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന പ്രഫ. ഗഗൻദീപ് കാങ്ങിന്‍റെ വാദത്തോട് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തി.
അതേസമയം, കേരളത്തിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകിയതിനെയും കോവിഡിന്‍റെ തുടക്കത്തിൽ തന്നെ ആളുകളെ സംരക്ഷിക്കാൻ സ്വീകരിച്ച ഫലപ്രദമായ നടപടികളെയും ഡോ. സിങ് പ്രശംസിച്ചു.
രോഗവ്യാപന സാഹചര്യത്തിൽ ആഗസ്റ്റ് 16 ന് തുടങ്ങാനിരിക്കുന്ന ബി.ജെ.പിയുടെ ജൻ ആശിർവാദ് യാത്ര ഒഴിവാക്കണമെന്ന് ഡോ. സുജീത് കുമാർ ആവശ്യപ്പെട്ടു. സൂപ്പർ-സ്പ്രെഡിങ് പരിപാടികൾ നടത്തരുത്. ആൾക്കൂട്ടം തടിച്ചുകൂടുന്ന പരിപാടികൾ രോഗം പടരാൻ ഇടയാക്കുമെന്നും അദ്ദേഹം 'ദി വയറി'ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഡോ. സുജീത് കുമാർ സിങ് ചൂണ്ടിക്കാട്ടിയ മൂന്നുകാര്യങ്ങൾ
ഒന്ന്: രോഗി സമ്പർക്കം കൃത്യമായി കണ്ടെത്തുന്നില്ല.
പല കേസുകളിലും രോഗബാധിതരുടെ വീട്ടിലെ സമ്പർക്കം പോലും കൃത്യമായി കണ്ടെത്തി പരിശോധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംഘം സന്ദർശിച്ച എട്ട് ജില്ലകളിലെ രോഗവ്യാപന തോത് 1: 1.2 നും 1: 1.7 നും ഇടയിലാണ്. രോഗബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള 15 പേരെയെങ്കിലും നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട്: വീടുകളിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കുന്നില്ല
കേരളത്തിലെ 80 ശതമാനം കോവിഡ് രോഗികളും ഹോം ഐസൊലേഷനിലാണ്. എന്നാൽ, ഇവരെ സർക്കാർ ശരിയായി നിരീക്ഷിക്കുന്നില്ല. ഇത് ആശങ്കാജനകമാണ്. ഐസൊലേഷനിലുള്ളവർ പലപ്പോഴും അയൽപക്കത്തും മറ്റും പോവുകയും ഇടപെടുകയും ചെയ്യുന്നുവെന്ന വാർത്തകൾ സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന്: വടക്കൻ ജില്ലകളിലെ ആരോഗ്യ സംവിധാനങ്ങൾ അതീവസമ്മർദത്തിൽ.
മലപ്പുറമടക്കം വടക്കൻ ജില്ലകളിലെ ഐ.സി.യു ഉൾപ്പെടെയുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ കടുത്ത സമ്മർദത്തിലാെണന്ന് ഡോ. സിങ് ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ആശുപത്രികൾ ഏതാണ്ട് 90 ശതമാനവും നിറഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് പ്രതിദിനം 20,000ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പല വടക്കൻ ജില്ലകളിലും ഐ.സി.യു, വെന്‍റിലേറ്റർ സൗകര്യങ്ങൾ അപര്യാപ്തമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എങ്കിലും കേരളത്തിലെ ആരോഗ്യസംരക്ഷണ സംവിധാനം നേരിടുന്ന പ്രതിസന്ധി രണ്ടുമൂന്ന് മാസം മുമ്പ് ഉത്തരേന്ത്യ അനുഭവിച്ചതുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.