വി.എസ് ശതാബ്ദിയിലേക്ക്...
text_fieldsതിരുവനന്തപുരം: അരനൂറ്റാണ്ട് പിന്നിട്ട സി.പി.എമ്മിന്‍റെ സമര യൗവനം വി.എസ്. അച്യുതാനന്ദൻ ശതാബ്ദിയിലേക്ക്. കേരളത്തിന്‍റെ പൊതുബോധ മനസ്സിന്‍റെ ഇടയനായ വി.എസിന്‍റെ 99ാം പിറന്നാളാണ് വ്യാഴാഴ്ച. ഒരു കാലത്ത് തന്‍റെ സാന്നിധ്യവും മൈക്കിലൂടെ സഖാവ് വി.എസ് എന്ന ശബ്ദവുംകൊണ്ട് പുളകം കൊള്ളിച്ച അദ്ദേഹം പക്ഷേ, ഇന്ന് വീടിന്‍റെ ചുവരുകൾക്കുള്ളിൽ വിശ്രമ ജീവിതത്തിലാണ്.
മകൻ വി.എ. അരുൺ കുമാറിന്‍റെ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വീട്ടിലാണ് അദ്ദേഹമുള്ളത്. 90 വയസ്സ് വരെയും പുലർച്ചയുള്ള 20 മിനിറ്റ് നടത്തം, യോഗ, അഞ്ചു മണിക്കൂർ നടത്തം എന്നിവയിലൂടെയായിരുന്നു വി.എസിന്‍റെ ദിനചര്യ ആരംഭിച്ചിരുന്നത്.
പക്ഷേ, അസുഖ ബാധിതനായതോടെ അണുബാധ ഉണ്ടാവാതിരിക്കാൻ ഡോക്ടർമാർ കർശന നിയന്ത്രണമാണ് സന്ദർശകർക്ക് കുടുംബം ഏൽപ്പിച്ചിരിക്കുന്നത്. അതിനാൽ ഭാര്യ വസുമതി മകൻ, മകൾ, മരുമക്കൾ, ചെറുമക്കൾ എന്നിവർക്കൊപ്പമാവും വി.എസിന്‍റെ പിറന്നാൾ ഇന്ന്.
പക്ഷാഘാതത്തെ തുടർന്ന് 2019 മുതലാണ് വി.എസ് പൊതുജീവതത്തിൽനിന്ന് അകന്നത്. 2016ൽ ഒന്നാം പിണറായി സർക്കാറിന്‍റെ ആദ്യകാലം വരെയും ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ എന്നനിലയിൽ വി.എസിന്‍റെ പൊതുജീവിതം സംഭവബഹുലമായിരുന്നു.
വി.എസില്ലാത്ത ഇടതുപക്ഷത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാതിരുന്ന ഒരു തലമുറയാണ് പാർട്ടിയിലും സമൂഹത്തിലും കടന്നുപോവുന്നത്. അതു പാർട്ടിക്കും പിണറായി വിജയൻ സർക്കാറിനും പ്രതിപക്ഷത്തിനും ഒരുപോലെ അറിയാം. അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ സംഘടനാ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വി.എസിന്‍റെ തല്ല് ഏറ്റുവാങ്ങാത്തവരും തലോടൽ ലഭിച്ചവരും കുറവാണ്.
സി.പി.എമ്മിലെ വിഭാഗീയതയിൽ പരസ്പരം മുഖം കറുപ്പിച്ചവരായിരുന്നു വി.എസും പിണറായി വിജയനും. പക്ഷേ, ഒരു കമ്യൂണിസ്റ്റുകാരന് മറ്റൊരാളോടുള്ള കരുതൽ ഇന്ന് സി.പി.എമ്മും പിണറായിയും വി.എസിന് മേൽ ചൊരിയുന്നുമുണ്ട്. വി.എസ് അസുഖബാധിതനായ ശേഷം രണ്ട് പ്രാവശ്യമാണ് മുഖ്യമന്ത്രി വി.എസിനെ സന്ദർശിച്ചത്.
ജന്മദിനം പുന്നപ്ര- വയലാർ രക്ഷസാക്ഷി ദിനത്തിൽ; ആഘോഷിക്കാൻ നാട്
അമ്പലപ്പുഴ: സർ സി.പിയുടെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ പോരാടി വീരമൃത്യു വരിച്ചവരുടെ സ്മരണനാളിൽ ഇക്കുറി വി.എസിന്‍റെ ജന്മദിനം. പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് തുടക്കം കുറിക്കുന്ന വ്യാഴാഴ്ചയാണ് സമരസേനാനിയായ വി.എസ്. അച്യുതാനന്ദന്‍റെ 99ാം ജന്മദിനവും. രണ്ടും ഒരേ ദിവസം എത്തുന്നത് അപൂർവതയാണ്.
1923 ഒക്ടോബർ 20നാണ് വി.എസ്. അച്യുതാനന്ദൻ എന്ന വെന്തലത്തറ ശങ്കരന്‍റെ മകൻ അച്യുതാനന്ദന്‍റെ ജനനം. വി. എസിന്‍റെ ജന്മദിനം ആഘോഷിക്കാൻ നാട്ടുകാർ ഒരുക്കം പൂർത്തിയാക്കി. വ്യാഴാഴ്ച പതിവുപോലെ പായസവിതരണം നടത്തിയാണ് പ്രിയ സഖാവിന്‍റെ പിറന്നാൾ നാട്ടുകാർ ആഘോഷിക്കുന്നത്.
വി.എസിന്‍റെ വീടിനടുത്തുള്ള അസംബ്ലി ജങ്ഷനിലാണ് പായസവിതരണം. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളും മകൻ അരുൺകുമാറിന്‍റെ സഹപാഠികളും സുഹൃത്തുക്കളും ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
വിശേഷദിവസങ്ങളിൽ ജന്മനാട്ടിൽ കുടുംബസമേതം എത്തിയിരുന്ന വി.എസ് ആരോഗ്യപ്രശ്‌നങ്ങളാൽ മകൻ അരുൺകുമാറിനൊപ്പം തിരുവനന്തപുരത്ത് പൂർണവിശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.