കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍, ആറുമാസം വരെ കേട് കൂടാതെ സൂക്ഷിക്കാം
text_fieldsകൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി അഞ്ചിന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.
റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബലിെൻറ സഹകരണത്തോടെ സ്ഥാപിക്കുന്ന മുലപ്പാല്‍ ബാങ്ക് റോട്ടറി ഡിസ്ട്രിക്ട് 3201 മുന്‍ ഗവര്‍ണര്‍ മാധവ് ചന്ദ്രെൻറ ആശയമാണ്. അമ്മയുടെ മരണം, രോഗബാധ അല്ലെങ്കില്‍ മുലപ്പാലിെൻറ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് സ്ഥാപിക്കുന്നത്.
ഇന്ത്യയില്‍ ഈ ആശയം 32 വര്‍ഷം മുമ്പ് തന്നെ വന്നിരുന്നെങ്കിലും കേരളത്തില്‍ ഇതുവരെ നടപ്പാകാത്ത സാഹചര്യത്തിലാണ് എറണാകുളത്തും തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന് ആശുപത്രിയിലുമായി ബാങ്ക് സ്ഥാപിക്കാൻ നടപടിയെടുത്തതെന്ന് മാധവ് ചന്ദ്രന് പറഞ്ഞു.
സര്‍ക്കാറിെൻറ മാര്‍ഗരേഖ പ്രകാരം പാല് ശേഖരിക്കാനും സൂക്ഷിക്കാനും വിതരണം ചെയ്യാനും എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ശേഖരിക്കുന്ന പാല് ആറുമാസം വരെ ബാങ്കില്‍ കേട് കൂടാതെ സൂക്ഷിക്കാം.
ജനറല്‍ ആശുപത്രിയില്‍ പ്രതിവര്‍ഷം 3600ഓളം കുട്ടികളാണ് ജനിക്കുന്നത്. ഇതില്‍ 600 മുതല്‍ 1000 കുഞ്ഞുങ്ങള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നു. മാസം തികയും മുമ്പ് ജനിക്കുന്ന തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, പാല് നല്കാന് കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍, അമ്മമാരില്‍നിന്നും പല കാരണങ്ങളാല്‍ അകന്ന് കഴിയേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് ബാങ്കില്‍ നിന്നുള്ള പാസ്ചറൈസ് ചെയ്ത മുലപ്പാല്‍ നല്‍കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധസാധ്യത കുറക്കാനും സഹായിക്കുമെന്ന് റോട്ടറി കൊച്ചിന് ഗ്ലോബലിലെ ഡോ. പോള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.