കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ ഓർമയായി
text_fieldsമണ്ണഞ്ചേരി: കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ മുഹമ്മ തോട്ടുമുഖപ്പില്‍ വീട്ടില്‍ കെ.ആർ. ആനന്ദവല്ലിയമ്മ (90) ഓർമയായി. കേരളത്തിലെ തപാൽ സംവിധാനത്തിന്റെ ചരിത്രംപേറിയ വനിതയാണ് ഓർമകളിൽ മറഞ്ഞത്.ആറ് പതിറ്റാണ്ടുകൾക്കുമുമ്പ് ആലപ്പുഴ നഗരത്തില്‍ സൈക്കിളില്‍ യാത്രചെയ്തായിരുന്നു അവരുടെ തപാല്‍ സേവനം. തന്റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമായിരുന്ന റാലി സൈക്കിള്‍ അവർ നിധിപോലെ സൂക്ഷിച്ചിരുന്നു.
ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പില്‍ ആയുര്‍വേദ വൈദ്യകലാനിധി കെ.ആര്‍. രാഘവന്‍ വൈദ്യരുടെ മൂത്തമകളാണ്.ആലപ്പുഴ എസ്.ഡി.വി ഹൈസ്‌കൂളില്‍നിന്ന് മെട്രിക്കുലേഷനും എസ്.ഡി കോളജില്‍നിന്ന് കോമേഴ്‌സ് ബിരുദവും കരസ്ഥമാക്കി. തപാല്‍ ജോലിയില്‍ താല്‍പര്യമുണ്ടായിരുന്ന ആനന്ദവല്ലി കോളജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ അച്ഛന്റെ അനുവാദത്തോടെ സമീപത്തെ പോസ്റ്റ് ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരിയായി.
തപാല്‍ വിതരണത്തിന്റെ പരീക്ഷ പാസായശേഷം ഉരുപ്പടികള്‍ എത്തിക്കുന്ന ജോലികളും തുടങ്ങി. അച്ഛന്‍ വാങ്ങക്കൊടുത്തതാണ് റാലി സൈക്കിൾ. അതിൽ കിലോമീറ്ററുകളോളം സഞ്ചരിച്ചായിരുന്നു അന്നത്തെ തപാല്‍ വിതരണം.പോസ്റ്റ് വുമണായിരുന്നപ്പോള്‍ ലഭിച്ച ആദ്യ ശമ്പളം 97രൂപ 50 പൈസയായിരുന്നു.
ജോലിക്കിടെ മുഹമ്മ തോട്ടുമുഖപ്പില്‍ സംസ്‌കൃത അധ്യാപകന്‍ വി.കെ. രാജനെ വിവാഹംചെയ്തു. ആലപ്പുഴയിലെ വിവിധ പോസ്റ്റ് ഓഫിസുകളില്‍ ക്ലര്‍ക്കായും പോസ്റ്റ് മിസ്ട്രസായും സേവനം അനുഷ്ഠിച്ചു.1991ല്‍ മുഹമ്മ പോസ്റ്റ്ഓഫിസില്‍നിന്നാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.